NationalNews

കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് തമിഴ്‌നാട്ടിൽ നിയമനം: മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാൻ

ചെന്നൈ: ജസ്റ്റിസ് എസ് മണികുമാറിന് തമിഴ്‌നാട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി നിയമനം. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എൻ രവി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കേരളത്തിൽ ഇദ്ദേഹത്തെ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. പത്ത് മാസത്തോളം സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് ഉത്തരവിട്ടെങ്കിലും തമിഴ്‌നാട്ടിൽ നിയമനം ഉറപ്പിച്ച ജസ്റ്റിസ് എസ് മണികുമാര്‍ ഇത് നിരസിച്ചിരുന്നു. 

കേരള രാജ്ഭവൻ അംഗീകാരം വന്ന്  മൂന്നാം നാളാണ് മണികുമാര്‍ അപ്രതീക്ഷിതമായി പിൻമാറിയത്. വ്യക്തിപരമായ അസൗകര്യങ്ങളാൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കെത്തി പദവി ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് മണികുമാർ അറിയിച്ചത്. പക്ഷെ നിയമനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഉയർന്ന വിവാദങ്ങളാണ് പിൻവാങ്ങലിൻറെ കാരണമെന്ന സൂചനയുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചതിന് പിന്നാലെയാണ് സർക്കാർ മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ ശുപാർശ ചെയ്തത്. 

നിയമന സമിതിയിൽ മുഖ്യമന്ത്രി ഒറ്റപ്പേര് മാത്രം മുന്നോട്ട് വെച്ചപ്പോൾ പ്രതിപക്ഷനേതാവ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും സർക്കാറും പ്രതിക്കൂട്ടിലായ പല സുപ്രധാന കേസുകളിലും മണികുമാർ സർക്കാറിന് അനുകൂലമായ ഉത്തരവ് നൽകിയതിൻറെ പ്രത്യുപകാരമാണ് നിയമനമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.

വിരമിച്ച ശേഷം മണികുമാറിന് കോവളത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകിയത് അസാധാരണമായിരുന്നു. ഇതും വിവാദമായി.  നിയമനത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നതോടെ രാജ്ഭൻ തീരുമാനം നീട്ടിക്കൊണ്ടുപോയി. ഒടുവിൽ നിയമനം അംഗീകരിച്ചത് ഗവർണ്ണറും സർക്കാറും തമ്മിലെ ഒത്ത് തീർപ്പിൻറെ ഭാഗമാണെന്ന് വരെയും ആക്ഷേപം ഉയർന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker