മൊഹാലി:തുടര്‍ച്ചയായ തോല്‍വികള്‍ക്കുശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ മികച്ച സ്കോർ കുറിച്ച് കേരളം. ടൂർണമെന്റിലെ നിർണായക മത്സരത്തിൽ ജമ്മു കശ്മീരിനു മുന്നിൽ കേരളം ഉയർത്തിയത് 185 റൺസ് വിജയലക്ഷ്യം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെടുത്തത്.
ക്യാപ്റ്റൻ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവരുടെ അർധസെഞ്ചറികളുടെ കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. അവസാന ഓവറുകളിൽ അബ്ദുൽ ബാസിതിന്റെ ബാറ്റിങ് വെടിക്കെട്ടും കേരളത്തിന് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി.
ടൂർണമെന്റിലെ ആദ്യ മൂന്നു കളികളും ജയിച്ച് പ്രതീക്ഷ നൽകിയ കേരളം, തുടർന്നുള്ള രണ്ടു കളികൾ തോറ്റത് തിരിച്ചടിയായിരുന്നു. ഇന്നത്തെ മത്സരമുൾപ്പെടെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാൽ കേരളത്തിന് പ്രതീക്ഷയുണ്ട്. എലൈറ്റ് ഗ്രൂപ്പ് സിയിൽ അഞ്ച് കളികളിൽനിന്ന് മൂന്നു ജയം സഹിതം നേടിയ 12 പോയിന്റുമായി നാലാം സ്ഥാനത്താണ് കേരളം. കർണാടക, ഹരിയാന, സർവീസസ് ടീമുകൾ മുന്നിലുണ്ട്.
32 പന്തിൽ 62 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ഏഴു ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് സച്ചിന്റെ ഇന്നിങ്സ്. കരുതലോടെ ബാറ്റു ചെയ്ത ക്യാപ്റ്റൻ സഞ്ജു, 56 പന്തിൽ 61 റൺസെടുത്ത് പുറത്തായി. ആറു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. അവസാന ഓവറിൽ റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് സഞ്ജു പുറത്തായത്. അബ്ദുൽ ബാസിത് 11 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു. വിഷ്ണു വിനോദ് ഒരു പന്തിൽ ഒരു റണ്ണെടുത്ത് ബാസിതിനു കൂട്ടുനിന്നു. ഓപ്പണർ രോഹൻ എസ്.കുന്നുമ്മൽ 20 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്തു. നിരാശപ്പെടുത്തിയത് നേരിട്ട ആദ്യ പന്തിൽ പുറത്തായ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ മാത്രം.
ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് നഷ്ടമായ കേരളത്തിന് രണ്ട്, മൂന്ന്, നാല് വിക്കറ്റുകളിൽ യഥാക്രമം രോഹൻ എസ് കുന്നുമ്മൽ, സച്ചിൻ ബേബി, അബ്ദുൽ ബാസിത് എന്നിവരെ കൂട്ടുപിടിച്ച് പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ടുകളാണ്. ഇതിൽ ആദ്യ രണ്ടും അർധസെഞ്ചറി കൂട്ടുകെട്ടുകളായിരുന്നു.
രണ്ടാം വിക്കറ്റിൽ സഞ്ജു – രോഹൻ സഖ്യം 44 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം വിക്കറ്റിൽ സഞ്ജു – സച്ചിൻ വെറും 55 പന്തിൽനിന്ന് അടിച്ചെടുത്തത് 90 റൺസാണ്. പതുക്കെ ബാറ്റിങ് തുടങ്ങിയ ഇരുവരും പിന്നീട് തകർത്തടിച്ചാണ് കേരള ഇന്നിങ്സിന് കരുത്തു പകർന്നത്. സച്ചിൻ ബേബി പുറത്തായ ശേഷം അബ്ദുൽ ബാസിതിനെ കൂട്ടുപിടിച്ച് സഞ്ജു ആക്രമണം തുടർന്നു. നാലാം വിക്കറ്റിൽ വെറും 18 പന്തിൽ 42 റൺസടിച്ചുകൂട്ടിയ സഞ്ജു – അബ്ദുൽ ബാസിത് സഖ്യത്തിന്റെ ബാറ്റിങ് വിസ്ഫോടനമാണ് കേരള സ്കോർ 180 കടത്തിയത്.
ജമ്മു കശ്മീരിനായി മുസ്തഫ യൂസഫ് നാല് ഓവറിൽ 47 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഉമ്രാൻ മാലിക്ക് നാല് ഓവറിൽ 41 റൺസ് വഴങ്ങിയും ആബിദ് മുഷ്താഖ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.