കൊച്ചി: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
വാക്‌സിനെടുക്കാന്‍ എത്തിയവരില്‍ പലരും നിരാശയായി മടങ്ങുകയാണ്. ഇന്നലെ വരെ കാര്യമായ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നും ഇന്ന് മുതല്‍ ലഭ്യത കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ പറയുന്നു.
ആലപ്പുഴയില്‍ വാക്‌സിനേഷന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. തണ്ണീര്‍മുക്കം, മുഹമ്മ പിഎച്ച്‌സിയ്ക്ക് കീഴിലുള്ള ക്യാമ്പുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഇനി പരമാവധി 250 കുത്തിവെപ്പുകള്‍ക്കുമാത്രമാണ് നിലവില്‍ വാക്‌സിനേഷനുകള്‍ അവശേഷിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വാക്‌സിന്‍ ഇല്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഡിഎംഒയും നല്‍കിയിട്ടുണ്ട്. മാരാരിക്കുളം മേഖലയിലെ ക്യാമ്പുകളിലും വാക്‌സിനേഷന്‍ നിര്‍ത്തേണ്ട സാഹചര്യമാണ്. ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാനായി നിരവധി ആളുകള്‍ എത്തിയിരുന്നു. വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തഞ്ചായി കുറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്താന്‍ പോലീസ് സ്റ്റേഷനുകളിലോ കളക്ടറേറ്റുകളിലോ അറിയിക്കണം. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 150 പേര്‍ക്കുമാത്രമേ പങ്കെടുക്കാനാവൂ. പൊതുവാഹനങ്ങളില്‍ നിന്ന് യാത്രചെയ്യാന്‍ അനുവദിക്കില്ല.
നിലവില്‍ ലോക്ഡൗണ്‍ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍, വാക്‌സിന്‍ സ്വീകരിച്ചവര്‍ തുടങ്ങിയവ മാനദണ്ഡമാക്കി ആളുകളുടെ എണ്ണം കുറയ്ക്കണം. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. സ്‌കൂള്‍ബസുകള്‍ ഇതിനായി പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ട്യൂഷന്‍ സെന്ററുകള്‍ രോഗവ്യാപനത്തിനിടയാക്കരുതെന്ന് ഉറപ്പാക്കണം.
ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകള്‍ കൂടാതെ ശ്രദ്ധിക്കണം. തൃശ്ശൂര്‍പ്പൂരത്തിന് പാസ് നല്‍കി ആളുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കണം. ഒന്നരക്കോടിയോളം പേര്‍ക്ക് വാക്‌സിന്‍ കൊടുക്കാനായാല്‍ സ്‌കൂളുകള്‍ ജൂണില്‍ തുറക്കാനാവുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
കടകളും ഹോട്ടലുകളും തിേയറ്ററുകളും ബാറുകളും രാത്രി ഒമ്പതുമണിക്കുശേഷം പ്രവര്‍ത്തിക്കരുത്. തിയേറ്ററുകളില്‍ അമ്പതുശതമാനം പേര്‍ക്കുമാത്രമാണ് അനുമതിയുള്ളത്. രാത്രി ഒമ്പതിനുശേഷവും മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.
വെള്ളി, ശനി ദിവസങ്ങളിലായി രണ്ടരലക്ഷം പേര്‍ക്ക് കൊവിഡ് നിര്‍ണയ പരിശോധനനടത്തും. തിരഞ്ഞെടുപ്പുപ്രക്രിയയില്‍ സജീവമായവര്‍, കോവിഡ് മുന്നണിപ്രവര്‍ത്തകര്‍, കോവിഡ് വ്യാപന പ്രദേശങ്ങളിലുള്ളവര്‍, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യുട്ടീവുകള്‍ എന്നിവരെ കണ്ടെത്തി പരിശോധിക്കും. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും.