തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിക്കാനൊരുങ്ങി കേരള കോൺഗ്രസ് മാണി വിഭാഗം. കോട്ടയത്തിന് പുറമെ വിജയ സാധ്യതയുള്ള രണ്ട് സീറ്റുകൾ കൂടി വേണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ ആവശ്യം.
തട്ടകം മാത്രം മതിയാകില്ല, തൊട്ടടുത്ത പത്തനംതിട്ടയും ഇടുക്കിയും കൂടി വേണമെന്ന് കേരള കോൺഗ്രസ് (എം) വിഭാഗം ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാലാവസ്ഥയും ഇടപെടലുകളും അനുകൂലമാക്കി ഇടത് മുന്നണിക്ക് മുന്നിൽ അവകാശവാദം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള കോൺഗ്രസ്.
വര്‍ഷങ്ങളായി ആന്റോ ആന്റണി ജയിച്ച് വരുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ റാന്നി, തിരുവല്ല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി തുടങ്ങി ശക്തികേന്ദ്രങ്ങളിലെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് മാണി വിഭാഗത്തിന്‍റെ അവകാശവാദം. ഇടുക്കിയാണെങ്കിൽ ഇടത് മുന്നണിക്ക് സ്വതന്ത്രനെ നിര്‍ത്തിയുള്ള പരീക്ഷണശാലയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീൻ കുര്യാക്കോസിനോട് ഒരുലക്ഷത്തോളം വോട്ടിന് തോറ്റ ഇടത് സ്വതന്ത്രനേക്കാൾ എന്തുകൊണ്ടും മികച്ച സാധ്യത കേരള കോൺഗ്രസിന് ഉണ്ടെന്നാണ് പാര്‍ട്ടി വാദം.
ക്ലെയിം ഉറപ്പിക്കാൻ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികൾ മുതൽ അരിക്കൊമ്പൻ വിഷയത്തിൽ വരെ ജോസ് കെ മാണിയിപ്പോൾ കാര്യമായി ഇടപെടുന്നുമുണ്ട്. നേരത്തെ യുഡിഎഫിനൊപ്പമായിരുന്നപ്പോഴും കേരളാ കോൺഗ്രസ് മാണി വിഭാഗം ഇടുക്കി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അന്ന് കോൺഗ്രസ് വഴങ്ങിയില്ല. മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യം അനുകൂലമാക്കുന്നതിൽ മുന്നണി മാറിയെത്തിയ കേരളാ കോൺഗ്രസിന് പങ്കുണ്ടെന്ന വിലയിരുത്തൽ ഇടത് കേന്ദ്രങ്ങളിൽ ഉണ്ടെന്നിരിക്കെ ഇതിന്‍റെ സാധ്യത പരമാവധി മുതലെടുക്കാനാണ് മാണി വിഭാഗത്തിന്‍റെ ശ്രമം. ഒപ്പം കോട്ടയത്തിന് പുറമെ പത്തനംതിട്ടയും ഇടുക്കിയും കൂടി ആവശ്യപ്പെട്ട് രണ്ടിൽ ഒന്നെങ്കിലും നേടിയെടുക്കാനും.