കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ പോര് മുറുകുന്നതിനിടെ ജോസ് കെ മാണി ഇടതു മുന്നണിയിലേക്കെന്ന സൂചന നല്‍കി സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം വന്നാല്‍ ജോസ് കെ മാണിക്ക് പിന്തുണ നല്‍കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ സൂചന നല്‍കി. അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം നിയോജകമണ്ഡലം കമ്മിറ്റി യോഗങ്ങള്‍ ഇന്ന് നടക്കും.
യുഡിഎഫ് കണ്‍വീനറുടെ നിര്‍ദേശം തള്ളി ജോസ് കെ മാണി രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഐഎം നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് ചങ്ങനാശേരി നഗരസഭ തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. യുഡിഎഫുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാല്‍ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സാധ്യമെന്ന സൂചനയും വാസവന്‍ നല്‍കി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഉള്ള ചര്‍ച്ചകള്‍ ആണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഇതിനിടെ ജോസ് വിഭാഗം നിയോജകമണ്ഡലം യോഗങ്ങള്‍ ഇന്ന് ചേരും.
കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കത്തില്‍ അന്ത്യശാസനം നല്‍കി യു.ഡി.എഫ് രംഗത്തെത്തിയിരിന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണാപ്രകാരം ജോസ് വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് ധാരണ അനുസരിക്കാന്‍ ജോസ് കെ. മാണി ബാധ്യസ്ഥനാണ്. ചര്‍ച്ചകളിലെ മറ്റ് നിര്‍ദേശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചത്.
അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫ് നിര്‍ദേശം തള്ളി ജോസ് കെ. മാണി രംഗത്ത് എത്തിയിരുന്നു. കെ.എം മാണിയുടെ കരാര്‍ യുഡിഎഫ് നടപ്പിലാക്കണമെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് വിഭാഗം യുഡിഎഫിന്റെ മനോവീര്യം കെടുത്തുകയാണ്. പാലാ തെരഞ്ഞെടുപ്പില്‍ ജോസഫ് മുന്നണിക്കെതിരേ നിലപാട് എടുത്തുവെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരിന്നു.