തൊടുപുഴ: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചതിന് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഇടുക്കി മുന്‍സിഫ് കോടതിയുടെ ഉത്തരവ്. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സമിതിയംഗങ്ങളായ ഫിലിപ്പ് ചേരിയില്‍, മനോഹര്‍ നടുവിലേടത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോട്ടയത്തു നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തൊടുപുഴ മുട്ടം മുന്‍സിഫ് കോടതി സ്റ്റേ ചെയ്തത്.
ചെയര്‍മാന്‍പദവിയും അധികാരവും ഉപയോഗിക്കാന്‍ ജോസ് കെ. മാണിയെ അനുവദിക്കരുത്, ചെയര്‍മാനായി താന്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നു കാണിച്ചു ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നല്‍കാന്‍ പാടില്ല, യോഗം വിളിക്കാനോ ആര്‍ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിക്കാനോ പാടില്ല തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.