കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ പുറത്താക്കി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് മികായേൽ സ്റ്റാറെ (48) പുറത്ത്. സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്റ്റാറെയ്‌ക്കു പുറമേ ടീമിലെ സഹപരിശീലകരെയും പുറത്താക്കി. ഇത്തവണ ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനെതിരെ അവസാന മിനിറ്റുകളിൽ ഇരട്ടഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് തോറ്റതോടെയാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. ഇതിനു പുറമേയാണ് ടീമിന്റെ മോശം പ്രകടനത്തിനെതിരെ പ്രബല ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’യുടെ പ്രതിഷേധം. അടുത്ത ഹോം മത്സരത്തിൽ പ്രോത്സാഹന വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളും ഒഴിവാക്കുമെന്നാണ് മഞ്ഞപ്പടയുടെ മുന്നറിയിപ്പ്.
സെർബിയക്കാരനായ ഇവാൻ വുക്കോമനോവിച്ചിനു പകരക്കാരനായി ഈ സീസണിന്റെ തുടക്കത്തിലാണ് സ്വീഡിഷ് കോച്ച് മികേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി നിയമിച്ചത്. 2026 വരെയായിരുന്നു കരാർ. കോച്ചിങ്ങിൽ 17 വർഷത്തെ അനുഭവസമ്പത്തുള്ള സ്റ്റോറെ വിവിധ രാജ്യങ്ങളിലെ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പകിട്ടിലാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് കോച്ചു കൂടിയായിരുന്നു അദ്ദേഹം. തായ് ക്ലബ് ഉതായ് താനി എഫ്സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് സ്റ്റാറെ കേരളത്തിലെത്തിയത്.
2007 ൽ സ്വീഡിഷ് ക്ലബ് വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക ജോലി തുടങ്ങിയ അദ്ദേഹം 2009ൽ സ്വീഡിഷ് ക്ലബ് എഐകെയുടെ മുഖ്യ പരിശീലകനായി. എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് കിരീടം ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കി. ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പ്. സ്വീഡൻ, ഗ്രീസ്, ചൈന, നോർവേ, യുഎസ്എ, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാങ്, ബികെ ഹാകൻ, സാൻജോ എർത്ത് ക്വേക്സ് തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചു.
ഇവാൻ വുക്കോമനോവിച്ചിൽനിന്ന് തീർത്തും വ്യത്യസ്തനായ കോച്ചായിരുന്നു മികായേൽ സ്റ്റാറെ. പ്രഫഷനൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത, 14 –ാം വയസ്സ് മുതൽ കോച്ചിങ് തൊഴിലാക്കിയ വ്യക്തി! ഹെഡ് കോച്ച് ആകുന്നതിനു മുൻപു ഗ്രൊൻഡാൽ ഐകെ, ഹാമർബി, എഐകെ എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമിനെയും പരിശീലിപ്പിച്ചു. ഗ്രൊൻഡാൽ ഐകെയുടെ യൂത്ത് മാനേജരാകുമ്പോൾ പ്രായം വെറും 25 വയസ്സ്! 2004ൽ എഐകെ അണ്ടർ 19 ടീമിനെ സ്വീഡിഷ് ദേശീയ കിരീടത്തിലേക്കു നയിക്കാനും കഴിഞ്ഞു.
എന്നാൽ ബ്ലാസ്റ്റേഴ്സിൽ എത്തിയതു മുതൽ അദ്ദേഹത്തിനു തൊട്ടതെല്ലാം പിഴച്ചു. തുടർ തോൽവികൾ ടീമിന്റെ ആത്മവിശ്വാസത്തെത്തന്നെ ബാധിച്ച ഘട്ടത്തിലാണ് പരിശീലകന് ജോലി നഷ്ടമാകുന്നത്. ഏതാനും നാളുകളായി അദ്ദേഹം കടുത്ത വിമർശനങ്ങൾക്കു നടുവിലായിരുന്നു! കഴിഞ്ഞ 3 സീസണുകളിൽ തുടർച്ചയായി ടീമിനെ പ്ലേ ഓഫിലെത്തിച്ചിട്ടും സ്ഥാനം ഒഴിയേണ്ടിവന്ന സെർബിയൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ തിരിച്ചുവിളിക്കണമെന്ന മുറവിളി ആരാധകരിൽ നിന്നുയർന്നു കഴിഞ്ഞു. ഇവാൻ പുതിയ ദൗത്യമൊന്നും ഏറ്റെടുത്തിട്ടില്ല. അതേസമയം, ഇവാനെ തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകളൊന്നും ടീമിനു മുന്നിലുള്ളതായി സൂചനയില്ല.