കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ടിൽ ബെംഗളൂരു എഫ്സിയോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണു പരിശീലകൻ ഇവാൻ വുക്കുമാനോവിച്ചും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. പരിശീലകനെയും താരങ്ങളെയും സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരും വിമാനത്താവളത്തിലെത്തിയിരുന്നു.
മഞ്ഞ റോസാപൂക്കൾ നൽകിയാണ് ആരാധകർ ഇവാൻ വുക്കൊമാനോവിച്ചിനെ സ്വീകരിച്ചത്. ബെംഗളൂരു എഫ്സിയുടെ വിവാദ ഗോളിനെക്കുറിച്ച് ഇവാൻ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റേതെന്നും വീണ്ടും കാണാമെന്നും വുക്കൊമാനോവിച്ച് പറഞ്ഞു.
നോക്കൗട്ട് മത്സരത്തിൽ 90 മിനിറ്റ് ഇരുടീമിനും ഗോളടിക്കാൻ കഴിയാതെ വന്നതോടെ എക്സ്ട്രാ ടൈമിലാണ് റഫറിയുടെ തീരുമാനവും അതിൽ പ്രതിഷേധിച്ചുള്ള ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കും ഉൾപ്പെടെയുള്ള സംഭവങ്ങൾ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലുണ്ടായത്.
ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിന്റെ എക്സ്ട്രാ ടൈമിന്റെ 6–ാം മിനിറ്റിലായിരുന്നു ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോൾ. തങ്ങൾ ഒരുങ്ങുന്നതിനു മുൻപേയാണ് ഛേത്രി ഫ്രീകിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയാണു ചെയ്തത്.
റഫറിയുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗ്രൗണ്ട് വിട്ടു. പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് താരങ്ങളോടു മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ടീം തിരികെ വരാൻ തയാറാകാതിരുന്നതോടെ പിന്നീട് ബെംഗളൂരുവിനെ ജേതാക്കളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു സെമിയിൽ കടന്നു. കരുത്തരായ മുംബൈ സിറ്റിയാണ് സെമി ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ എതിരാളികൾ.