FootballKeralaNewsSports

അടിച്ചോടിച്ച് മുംബൈ,ബ്ലാസ്‌റ്റേഴ്‌സിന് തലതാഴ്ത്തി വണ്ടി കയറാം

മുംബൈ: പ്രതിരോധം പൊളിഞ്ഞ് പാളീസായപ്പോള്‍ ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതിയിലാണ് നാല് ഗോളും പിറന്നത്. മുംബൈക്കായി പെരേര ഡയസ് രണ്ടും ഗ്രെഗ് സ്റ്റുവര്‍ട്ടും ബിപിന്‍ സിംഗ് ഓരോ ഗോളും നേടി. ജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരും. സീസണില്‍ 13 മത്സരങ്ങളില്‍ തോല്‍വിയില്ലാതെ കുതിക്കുകയാണ് മുംബൈ ടീം. തുടര്‍ച്ചയായ എട്ടാം ജയം കൂടിയാണ് മുംബൈ സിറ്റി എഫ്‌സിക്ക് ഇത്. 

മുംബൈക്കെതിരെ  4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിനെ അണിനിരത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്‌സിക്കെതിരെ പുറത്തിരുന്ന ഇവാന്‍ കല്യൂഷ്‌നി മടങ്ങിയെത്തിയപ്പോള്‍ ലെസ്‌കോവിച്ചും സസ്‌പെന്‍ഷന്‍ കാരണം സന്ദീപ് സിംഗും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നില്ല. പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ ഗോള്‍ബാറിന് കീഴെ എത്തിയപ്പോള്‍ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, ജെസ്സല്‍ കാർണെയ്റോ, ജീക്‌സണ്‍ സിംഗ്, ഇവാന്‍ കല്യൂഷ്‌നി, സഹല്‍ അബ്‌ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍, ദിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവരായിരുന്നു ആദ്യ 11ല്‍ ഉണ്ടായിരുന്നത്. 

ബ്ലാസ്റ്റേഴ്‌സ് മുന്‍താരം പെരേര ഡയസിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് മുംബൈ സിറ്റി സ്വന്തം മൈതാനത്തിറങ്ങിയത്. ഗ്രെഗ് സ്റ്റുവർട്ട്, ബിപിൻ സിംഗ്, ലാലിയൻ‌സുവാല ചാംഗ്തേ എന്നീ പ്രധാന താരങ്ങള്‍ മുംബൈയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. മത്സരത്തിന്‍റെ പൂര്‍ണ നിയന്ത്രണം ആദ്യ 45 മിനുറ്റുകളില്‍ ഈ നാല്‍വര്‍ സംഘം മുംബൈയുടേതാക്കി മാറ്റി. അതേസമയം ലെസ്‌കോവിച്ചില്ലാത്ത ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം

കിക്കോഫായി നാലാം മിനുറ്റില്‍ ബിപിന്‍ സിംഗിന്‍റെ മുന്നേറ്റത്തിനൊടുവിലായിരുന്നു മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യ ഗോള്‍. ഇടത് വിങ്ങിലൂടെ ബിപിന്‍ സിംഗ് നടത്തിയ നീക്കത്തിനൊടുവില്‍ സ്റ്റുവര്‍ട്ട് മറിച്ചുനല്‍കിയ പന്ത് പോസ്റ്റിലേക്ക് ബിപിന്‍ പായിച്ചെങ്കിലും ഗില്‍ രക്ഷകനായി. എന്നാല്‍ റീബൗണ്ടില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് മുന്‍താരം പെരേര ഡയസ് മുംബൈയെ സ്ലൈഡിംഗ് ഫിനിഷിലൂടെ മുന്നിലെത്തിച്ചു. സീസണില്‍ ഡയസിന്‍റെ ഏഴാം ഗോളാണിത്. 9-ാം മിനുറ്റില്‍ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ 10-ാം മിനുറ്റില്‍ ലാലിയൻ‌സുവാല ചാംഗ്തേയുടെ വലത് വിങ്ങില്‍ നിന്നുള്ള നീളന്‍ ക്രോസില്‍ തലവെച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് മുംബൈയുടെ ലീഡ് രണ്ടാക്കി. 16-ാം മിനുറ്റില്‍ ഡയസിന്‍റെ അസിസ്റ്റില്‍ സുന്ദര ഫിനിഷിംഗിലൂടെ ബിപിന്‍ സിംഗും വല കുലുക്കി. 

അവിടംകൊണ്ടും മുംബൈയുടെ നീക്കത്തിന് തടയിടാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനായില്ല. 22-ാം മിനുറ്റില്‍ ജാഹുവിന്‍റെ അസിസ്റ്റില്‍ പെരേര ഡയസ് മുംബൈയുടെ ഗോള്‍ നാലാക്കി. ജാഹു നീട്ടിനല്‍കിയ പന്തില്‍ ഡയസിന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം വിക്‌ടര്‍ മോംഗിലിന്‍റെ കാലില്‍ തട്ടി ഡിഫ്ലക്‌റ്റായാണ് ഗില്ലിനെ മറികടന്നത്. 44-ാം മിനുറ്റില്‍ പരിക്ക് കാരണം സ്റ്റുവര്‍ട്ടിനെ മുംബൈ പിന്‍വലിച്ചു. ആല്‍ബര്‍ട്ടോ നൊഗുവേരയാണ് പകരക്കാരനായി കളത്തിലെത്തിയത്. തൊട്ടുപിന്നാലെ ഡയസിനെ ഫൗള്‍ ചെയ്‌ത കെ പി രാഹുലിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതിനകം നാല് മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ താരത്തിന് അടുത്ത മത്സരം നഷ്‌ടമാകും. 

രണ്ടാംപകുതിയില്‍ 63-ാം മിനുറ്റില്‍ ജെസ്സലിന്‍റെ ഗോള്‍ലൈന്‍ സേവില്ലായിരുന്നെങ്കില്‍ അഞ്ച് ഗോള്‍ മഞ്ഞപ്പടയുടെ വലയില്‍ വീണേനേ. രാഹുല്‍ കെ പിയെ വലിച്ച് സൗരവ് മണ്ടലിനെയും സഹലിന് പകരം ബ്രൈസ് മിറാണ്ടയെയും കല്യൂഷ്‌നിയെ പിന്‍വലിച്ച് അപ്പോസ്തലോസ് ജിയാനുവിനെ ഇറക്കിയിട്ടും മഞ്ഞപ്പട രക്ഷപെട്ടില്ല. മലയാളി താരം വിബിന്‍ മോഹനന് മത്സരത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ജീക്‌സണ്‍ സിംഗിന് പകരം 84-ാം മിനുറ്റിലാണ് താരം കളത്തിലെത്തിയത്. ദിമിത്രിയോസിന് പകരം ആയുഷ് അധികാരിയും പകരക്കാരനായി കളത്തിലെത്തി. 90 മിനുറ്റ് പൂര്‍ത്തിയായി 5 മിനുറ്റ് ഇഞ്ചുറിസമയം കിട്ടിയെങ്കിലും വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഊര്‍ജം ബാക്കിയുണ്ടായിരുന്നില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker