FootballKeralaNewsSports

മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്സ്, ഇലയ്ക്കും മുള്ളിനും കേടില്ലാ’ തന്ത്രപൂര്‍വ നീക്കവുമായി ഐഎസ്എല്‍ സംഘാടകര്‍!!

ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ നോക്കൗട്ട് മല്‍സരം കേരള ബ്ലാസ്‌റ്റേഴ്‌സ് ബഹിഷ്‌കരിച്ച സംഭവത്തില്‍ ഇലയ്ക്കും മുള്ളിനും വലിയ കേടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ മെല്ലെപ്പോക്ക് നയവുമായി സംഘാടകര്‍.

ഐഎസ്എല്ലിനെ താങ്ങിനിര്‍ത്തുന്ന ബ്ലാസ്‌റ്റേഴ്‌സിനെതിരേ വലിയ നടപടി എടുത്താല്‍ ലീഗിനെ തന്നെ അതു ബാധിച്ചേക്കുമെന്നാണ് സംഘാടകരുടെ ഭയം. എന്നാല്‍ നടപടി എടുക്കാതിരുന്നാല്‍ ലീഗിന്റെ വിശ്വാസ്യതയ്ക്ക് അതു കോട്ടം വരുത്തും.

അപ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ നടപടി വൈകിപ്പിച്ച് ആരാധകരുടെ രോഷമെല്ലാം ആറിത്തണുത്ത ശേഷം നടപടി എടുക്കാമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍.

നിലവിലെ അവസ്ഥയില്‍ ഐഎസ്എല്‍ ഫൈനല്‍ പൂര്‍ത്തിയായ ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം പോലും വരാന്‍ സാധ്യതയുള്ളൂ. അതിനു മുമ്പ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയാല്‍ ഫൈനല്‍ ഉള്‍പ്പെടെയുള്ളവയുടെ ശ്രദ്ധ മാറുമെന്ന ഭയം സംഘാടകര്‍ക്കുണ്ട്.

അടുത്ത മാസം മുതല്‍ സൂപ്പര്‍ കപ്പ് നടക്കുന്നുണ്ട്. വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് കേരളത്തെയാണ്. ബ്ലാസ്റ്റേഴ്‌സിനെതിരായ നടപടി ചിലപ്പോള്‍ സൂപ്പര്‍ കപ്പും കഴിഞ്ഞേ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്.

ടീമിനെ വിലക്കിയുള്ള നീക്കങ്ങളിലേക്ക് പോകാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായേക്കില്ല. ആരാധകരെ ലീഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ടീം വിലക്ക് ഇടയാക്കും. മിക്കവാറും വന്‍ പിഴത്തുക ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഈടാക്കുകയെന്ന നിലയിലേക്കാകും എത്തിച്ചേരുക.

അതേസമയം, വിവാദ മത്സരം വീണ്ടും കളിക്കണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റഫറിയുടെ പിഴവ് ആണ് എല്ലാത്തിനു കാരണം എന്നും അതുകൊണ്ട് അതില്‍ അന്വേഷണം നടത്തില്‍ പെട്ടെന്ന് നടപടിയെടുക്കണം എന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിലെ ആവശ്യം.

പിഴവ് വരുത്തിയ റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരാതിയില്‍ ആവശ്യപ്പെടുന്നു. മുംബൈ എഫ്‌സിക്കെതിരേ നാളെയാണ് ബെംഗളുരുവിന്റെ ആദ്യ സെമി നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയില്‍ നടപടി അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് ക്ലബിന് തന്നെ വ്യക്തമായറിയാം.

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളില്‍ മിക്കവരും ക്യാംപില്‍ നിന്നും മടങ്ങി. കൊച്ചിയിലെ ക്യാംപില്‍ ചില ഇന്ത്യന്‍ താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും മാത്രമാണ് നിലവിലുള്ളത്. മാര്‍ച്ച് അവസാനത്തോടെ ഇനി സൂപ്പര്‍ കപ്പിന് മുമ്പാകും ക്യാംപ് പുനരാരംഭിക്കുക.

സ്വന്തം തട്ടകത്തിലാണ് സൂപ്പര്‍ കപ്പ് നടക്കുകയെന്നതിനാല്‍ വിദേശ താരങ്ങളെ ഉള്‍പ്പെടെ കളിപ്പിക്കാന്‍ തന്നെയാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യം. എഎഫ്‌സി കപ്പിലേക്ക് ഒരു സ്ലോട്ട് സൂപ്പര്‍ കപ്പില്‍ നിന്നുണ്ടെന്നതും ടീമുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button