കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീൻ സ്വത്തുരേഖകളുമായി 31-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഓഫീസിൽ ഹാജരാകണം. ബാങ്ക് നിക്ഷേപങ്ങളടക്കമുള്ള രേഖകളുമായി ഹാജരാകാൻ നോട്ടീസ് നൽകിയതായി ഇ.ഡി. അന്വേഷണസംഘം സ്ഥിരീകരിച്ചു. അതേസമയം, ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മൊയ്തീനുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.
ബാങ്കിന്റെ മുൻമാനേജർ ബിജു കരീമിനും 31-ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മൊയ്തീൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോൺസംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീൻ നിർദേശിച്ചവർക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട് എന്നാണ് ഇ.ഡി. ആരോപണം.
അതിനിടെ ബിനാമി ഇടപാട് സംശയത്തിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കാൻ ഇ.ഡി. തിരക്കിട്ടനീക്കം തുടങ്ങി. രണ്ടുദിവസങ്ങളിലായി മൂന്നുപേരെ ചോദ്യംചെയ്തു. ഇ.ഡി. സംഘം വീട്ടിൽ നടത്തിയ റെയ്ഡിനെത്തുടർന്ന് മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചിരുന്നു. ഈ തുകയുടെ ഉൾപ്പെടെ സാമ്പത്തികസ്രോതസ്സായിരിക്കും മൊയ്തീൻ പ്രധാനമായും വെളിപ്പെടുത്തേണ്ടിവരുക.
ബാങ്കിന്റെ മാനദണ്ഡങ്ങൾ മറികടന്ന് വായ്പനൽകാൻ നിർദേശിച്ചെന്ന മൊഴി, ബിനാമി വായ്പകൾ മൊയ്തീന്റെ നിർദേശപ്രകാരം നൽകിയെന്ന മൊഴി എന്നിവയിൽ മറുപടിപറയേണ്ടിവരും. കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ സംശയത്തിലുള്ള പി.പി. കിരൺ, സി.എം. റഹീം, എം.കെ. ഷിജു, പി. സതീഷ്‌കുമാർ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ എന്നിങ്ങനെയുള്ള ചോദ്യങ്ങളിലും മൊയ്തീൻ വ്യക്തതനൽകേണ്ടിവരും.
എന്നാൽ, പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇ.ഡി.ക്കുമുന്നിൽ മൊയ്തീൻ ഹാജരാകുന്നതിൽ സി.പി.എം. സംസ്ഥാനനേതൃത്വം എന്തു തീരുമാനമെടുക്കും എന്നതും പ്രധാനമാണ്. നോട്ടീസ് കൈപ്പറ്റിയശേഷം മൊയ്തീൻ നിയമോപദേശം തേടുമെന്നാണ് സൂചന. നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾത്തന്നെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഒമ്പതുമണിക്കൂർ ഇ.ഡി.ക്ക് മുന്നിലിരുന്നതും വിളിപ്പിച്ചതിൽ പരാതിയില്ലെന്ന് പറഞ്ഞതും കോൺഗ്രസ് ഉയർത്തിക്കാട്ടുമെന്നത് സി.പി.എമ്മിനെ വെട്ടിലാക്കുന്നുമുണ്ട്.