ന്യുഡല്‍ഹി:കാസര്‍കോഡുമായി അതിര്‍ത്തി പങ്കിടുന്ന പാതകള്‍ കര്‍ണാടക അടച്ചിട്ടിരിയ്ക്കുന്നത് വലിയ പ്രതിസന്ധിയാണ് അതിര്‍ത്തിഗ്രമങ്ങളില്‍ സൃഷ്ടിച്ചിരിയ്ക്കുന്നത്.കാസര്‍ഗോട്ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഡയാലിസിസ് അടക്കമുള്ള അടിയന്തിര വൈദ്യസഹായങ്ങള്‍ക്കായി മംഗാലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്ന സാധരണക്കാരുടെ ജീവനു തന്നെ ഭീഷണിയാവുന്ന ദയാരഹിതമായ നടപടിയാണ് കര്‍ണാടകയുടെ ഭാഗത്തുനിന്നും ഉണ്ടായിരിയ്ക്കുന്നത്.
ഡയാലിസിസിന് പോകുന്നവരുടെ ആംബുലന്‍സുകള്‍ എങ്കിലും കടത്തി വിടണമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നല്ല ആശയമാണെന്ന് അദ്ദേഹം പ്രതികരിച്ചുവെങ്കിലും ഇതുവരെ മറ്റ് മറുപടികളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടും കേരളാ അതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. അതിര്‍ത്തി തുറക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കര്‍ണാടകയിലെ ജനപ്രതിനിധികളും രംഗത്ത് വന്നിട്ടുണ്ട്. അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കുടക് എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിന്‍ഹ പറഞ്ഞു. കേരള അതിര്‍ത്തി തുറന്നാല്‍ സമരം ചെയ്യുമെന്നും സിന്‍ഹ പറഞ്ഞു.
രാഷ്ട്രീയമായ തീരുമാനം എടുത്തുകഴിഞ്ഞതിനാല്‍ അതിര്‍ത്തികര്‍ തുറക്കില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. ചരക്ക് നീക്കത്തിനായി ബാവലി-മുത്തങ്ങ ചെക്ക് പോസ്സ് മാത്രം തുറന്നാല്‍ മതിയെന്ന നിലപാടിലാണ് കര്‍ണാടക. കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ ഒരാള്‍ പൊക്കത്തില്‍ മണ്ണിട്ട് കര്‍ണാടക അടയ്ക്കുകയായിരുന്നു.