ബെംഗളൂരു: കാവേരി പ്രശ്നത്തിൽ കർണാടകയിൽ പ്രഖ്യാപിച്ച ബന്ദിനെത്തുടർന്ന് 44 വിമാന സർവീസുകൾ റദ്ദാക്കി. മുംബൈ, കൊൽക്കത്ത, മംഗളൂരു റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയത്. കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 22 വിമാന സർവീസുകളും, വിമാനത്താവളത്തിലേക്കുള്ള 22 വിമാന സർവീസുകളുമാണ് റദ്ദാക്കിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ 50 അംഗങ്ങളെ കർണാടക പോലീസ് തടവിലാക്കിയിട്ടുണ്ട്.
കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകുന്നതിൽ കന്നഡ-കർഷക സംഘടനകളുടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. വെള്ളിയാഴ്ച ഹാസൻ ജില്ലയിലെ സ്‌കൂളുകൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവധി പ്രഖ്യാപിച്ചു. ബന്ദ് കണക്കിലെടുത്ത് സംസ്ഥാനത്തൊട്ടാകെ 80,000 പോലീസുകാരെ സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചു. 1900 ത്തോളം വരുന്ന അസോസിയേഷനുകൾ ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തി. ആശുപത്രികൾ, ആംബുലൻസ്, മെഡിക്കൽ സർവീസുകൾ ഒഴികെയുള്ള എല്ലാം ബന്ദിൽ അടഞ്ഞു കിടക്കുന്നതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച കന്നഡ സിനിമാപ്രവർത്തകരും സമരക്കാരെ അനുകൂലിച്ച് രംഗത്തെത്തി. കന്നഡ നടൻമാരായ ശിവരാജ്കുമാർ, ധ്രുവ സർജ, പ്രജ്വൽ ദേവരാജ്, അജയ് റാവു എന്നിവർ വെള്ളിയാഴ്ചത്തെ ബന്ദിൽ അണിനിരക്കുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എൻ.എം. സുരേഷ് അറിയിച്ചു ബെംഗളൂരുവിൽ റാലി നടത്തുമെന്നും അറിയിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും വെള്ളിയാഴ്ച നടത്തില്ലെന്നും അറിയിച്ചു.
തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കുന്നതിനെതിരേ മാണ്ഡ്യയിലെ കാവേരീനദിക്കരയിൽ കന്നഡ സംഘടനാപ്രവർത്തകരും കർഷകരും പ്രതിഷേധിച്ചു. ജലം വിട്ടുകൊടുക്കുന്നതിൽ സംസ്ഥാന സർക്കാരിനുനേരെ പ്രതിഷേധം മുഴക്കി. കാവേരി വിഷയത്തിൽ വേണ്ടരീതിയിൽ ഇടപെടാത്തതിൽ സംസ്ഥാനത്തെ എം.പി.മാർക്കെതിരേ ബെംഗളൂരുവിൽ വനിതകളുടെ പ്രതിഷേധം നടന്നു. കർണാടക രക്ഷണ വേദികെയുടെ വനിതാവിഭാഗമാണ് പ്രതിഷേധം നടത്തിയത്. എം.പി.മാരുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകരെത്തിയത്.