തിരുവനന്തപുരം: കരിപ്പൂരില്‍ വിമാനത്തിന്റെ ലാന്‍ഡിങ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് വ്യോമയാന വിദഗ്ധര്‍. കോക്ക്പിറ്റ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വീണ്ടും പറന്നുയരാന്‍ ശ്രമിച്ചുവെന്നാണെന്നും വിദഗ്ധര്‍ പറയുന്നു.
കൂടാതെ, തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നും വിദഗ്ധര്‍ പറഞ്ഞു. ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവറിന്റെ സ്ഥാനം അനുസരിച്ച് എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ തെറ്റാണെന്നും വിമാനം താഴെ വീണു പിളര്‍ന്നതോടെ തനിയെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതാകാമെന്നാണ് അനുമാനം. അതുകൊണ്ടാണ് തീപിടുത്തം ഒഴിവായതും.
റണ്‍വേയില്‍ ഏറെ ദൂരെ പോയാണ് വിമാനം നിലം തൊട്ടത്. വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാകാം. ഇതും പരാജയപ്പെടുകയായിരുന്നു. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്ളാപ്പുകള്‍ 10 ഡിഗ്രിയില്‍ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തില്‍ വ്യക്തം. ഇത് ലാന്‍ഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്.