KeralaNews

ആ ശബ്ദരേഖ കൊടിസുനിയുടേതല്ല; സ്വര്‍ണം തട്ടിയെടുത്തത് നാദാപുരം സ്വദേശി അഖില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിന്നു സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി അഷറഫിന്റെ ഫോണില്‍ നിന്നു ലഭിച്ച ശബ്ദസന്ദേശം ടി.പി കേസ് പ്രതി കൊടിസുനിയുടേതല്ലെന്ന് സൂചന. കൊടുവള്ളി സംഘത്തിന് കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുത്തത് നാദാപുരം സ്വദേശി അഖില്‍ ആണെന്ന സൂചനയാണ് പുറത്തുവരുന്നത്.

അഷറഫിനെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്നും സ്വര്‍ണം അന്വേഷിക്കേണ്ടെന്ന് കൊടിസുനിയുടെത് എന്ന പേരില്‍ സന്ദേശമയച്ചതും അഖില്‍ തന്നെയാണെന്ന് സംശയം. അഷറഫിന്റെ ഫോണില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. കണ്ണൂര്‍ സംഘമാണ് ഇതിനു പിന്നിലെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം.

സ്വര്‍ണം അഷറഫ് കണ്ണൂര്‍ സംഘത്തിന് മറിച്ചുവിറ്റുവെന്ന സംശയത്തെ തുടര്‍ന്നാണ് അഷറഫിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. അഷറഫിനെ തേടി കൊടുവള്ളി സംഘം വീട്ടിലെത്തുന്നത് പതിവായതോടെയാണ് കൊടിസുനിയുടെ പേരില്‍ അഖില്‍ സന്ദേശമയച്ചതെന്ന് കരുതുന്നു. 45 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ പ്രതിയാണ് അഖില്‍.

ഗള്‍ഫില്‍ നിന്നെത്തിയ അഷറഫിനെ വീട്ടില്‍ നിന്നാണ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. അഞ്ചംഗ സംഘത്തെ കുറിച്ച് വിവരമില്ല. ഒരാള്‍ കന്നട കലര്‍ന്ന മലയാളമാണ് സംസാരിച്ചതെന്ന അഷറഫ് പറയുന്നു. മേയ് 26ന് കൊടുവള്ളി സംഘത്തിനുള്ള രണ്ട് കിലോ സ്വര്‍ണവുമായി കരിപ്പൂരില്‍ വിമാനമിറങ്ങിയ അഷറഫിന് അരലക്ഷം രൂപയും വിമാനടിക്കറ്റുമായിരുന്നു പ്രതിഫലമായി പറഞ്ഞിരുന്നത്.

എന്നാല്‍ വിമാനത്താവളത്തിന് പുറത്തുവച്ച് കണ്ണൂര്‍ സംഘം തട്ടിക്കൊണ്ടുപോയി നാദാപുരത്തെ ഒരു വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് അഷറഫിന്റെ മൊഴി. 15 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനം അംഗീകരിച്ചതോടെ വിട്ടയച്ചു. പിന്നീട് 10 ലക്ഷം രൂപ എത്തിച്ചുനല്‍കിയെന്നും അഷറഫ് മൊഴി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button