തിരുവല്ല: മദ്രാസിലെ മോന്‍ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു. ഈ വാക്കുകള്‍ മൊഴിയായി എടുത്ത വിവാദ കൊലക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഗൗരിയമ്മ വിട പറഞ്ഞു. കേരളക്കരയാകെ ഏറെ കോളിളക്കം സൃഷ്ടിച്ച കരിക്കന്‍ വില്ല കൊലക്കേസില്‍ പ്രതികളെ കുടുക്കിയതും 1980 കാലഘട്ടത്തിലെ സൂപ്പര്‍ ഹീറോ ആയിരുന്ന രവീന്ദ്രനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ശശികുമാര്‍ ഒരുക്കിയ മദ്രാസിലെ മോന്‍ എന്ന ചലച്ചിത്രത്തിന് വഴിയൊരുക്കിയതും ഗൗരിയമ്മയെന്ന വീട്ടുജോലിക്കാരി പോലീസിന് നല്‍കിയ മൊഴിയായിരുന്നു.
കരിക്കന്‍ വില്ല ദമ്പതി വധക്കേസിലെ മുഖ്യസാക്ഷിയായ ഇവര്‍ കൊച്ചുമകള്‍ മിനിയുടെ വസതിയിലാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.1980 ഒക്ടോബര്‍ ഏഴിന് രാവിലെ വീട്ടുജോലിക്കായി കരിക്കന്‍വില്ലയിലെത്തിയ ഗൗരിയമ്മ പിന്നിലെ ജനാലയിലൂടെ കണ്ട കാഴ്ച അതിദാരുണമായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന തിരുവല്ല മീന്തലക്കര കരിക്കന്‍വില്ലയില്‍ കെ.സി. ജോര്‍ജ്(64), ഭാര്യ റേച്ചല്‍(60) ദമ്പതികളുടെ മൃതശരീരങ്ങൾ ആദ്യമായി കാണുന്നത് ഗൗരി ‘അമ്മ ആയിരുന്നു.
തിരുവല്ല മീന്തലക്കര കരിക്കന്‍വില്ലയില്‍ കെ.സി. ജോര്‍ജും ഭാര്യ റേച്ചലും വിദേശജോലി മതിയാക്കിയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ദമ്പതിമാര്‍ക്ക് മക്കളില്ലായിരുന്നു. ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ഗൗരിയമ്മ. കേസിൽ ഒരു തുമ്പുമില്ലാതെ ഇരിക്കുമ്പോഴാണ് ഗൗരിയമ്മയുടെ ഒരു മൊഴി പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിന് തലേന്ന് ജോലികഴിഞ്ഞ് പോകുമ്പോൾ മദ്രാസിലെ മോന്‍ വരുമെന്ന് റേച്ചല്‍ ഗൗരിയമ്മയോട് പറഞ്ഞിരുന്നു. ജോര്‍ജിന്റെ അകന്ന ബന്ധുവായ റെനി ജോര്‍ജാണ് കൊലക്കുപിന്നിലെ മുഖ്യനെന്ന് പോലീസ് തിരിച്ചറിഞ്ഞു.
വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കാണാതെ പോയിരുന്നു. മദ്രാസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് പഠിക്കുകയായിരുന്നു റെനി. റെനിയും കൂട്ടുകാരായ മൗറീഷ്യസ് സ്വദേശി ഗുലാം മുഹമ്മദ്, മലേഷ്യക്കാരനായ ഗുണശേഖരന്‍, കെനിയക്കാരാനായ കിബ്ലോ ദാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് കറിക്കത്തി കൊണ്ട് ദമ്പതിമാരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ലഹരിക്കടിപ്പെട്ട പ്രതികള്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനിടെ കത്തികൊണ്ട് റെനിയുടെ കൈ ഞരമ്പ് മുറിഞ്ഞു.
മടങ്ങിപ്പോകുംവഴി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മുറിവ് തുന്നിക്കെട്ടിയിരുന്നു.പ്രതികള്‍ക്ക് ആലപ്പുഴ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചെങ്കിലും മേല്‍ക്കോടതി പിന്നീട് ജീവപര്യന്തമായി കുറച്ചു. 1995 ജൂണ്‍ 23ന് ശിക്ഷാ കാലവധി കഴിഞ്ഞ് പ്രതികള്‍ പുറത്തിറങ്ങി. ജയിലില്‍വെച്ച് സുവിശേഷകനായി മാറിയ റെനി പിന്നീട് ബെംഗളൂരുകേന്ദ്രമാക്കി സാമൂഹ്യപ്രവര്‍ത്തനം തുടര്‍ന്നു. 1987 പരോളില്‍ ഇറങ്ങിയ റെനി ക്രൈസ്തവസുവിശേഷകരുടെ പ്രചോദനത്താല്‍ മാനസാന്തരപ്പെട്ടു. 1995-ല്‍ പതിന്നാലു വര്‍ഷവും ഏഴു മാസവും നീണ്ട ജയില്‍ശിക്ഷ അവസാനിച്ചശേഷം മുഴുവന്‍സമയ സുവിശേഷപ്രവര്‍ത്തകനായി റെനി മാറി.
ജയിലിലെ തന്റെ ആദ്യ ആറു വർഷങ്ങൾ പശ്‌ചാത്താപലേശമില്ലാതെ റെനി പഴയപോലെ മയക്കുമരുന്നിൽ മുഴുകികഴിഞ്ഞു. പൂജപ്പുര ജയിലിൽ മയക്കുമരുന്ന് എത്തിക്കാൻ ഗൂഢസംഘങ്ങൾ അന്നുമുണ്ടായിരുന്നുവെന്നും, അവരുടെ കണ്ണിയായി ജയിൽ ഉദ്യോഗസ്‌ഥരും ഉണ്ടായിരുന്നുവെന്നും റെനി പിന്നീടു സാക്ഷ്യപ്പെടുത്തി. ഏറ്റുമാനൂർ വിഗ്രഹമോഷണകേസിലെ സ്‌റ്റീഫൻ, ക്യാപ്‌റ്റൻ ജോസ്, ഇന്നു പ്രശസ്‌തനായ ഒരു നിർമാതാവ്… സഹ തടവുകാരുടെ പട്ടിക നീളുന്നു. പരോളിലിറങ്ങുന്ന തടവുകാർ മയക്കുമരുന്നിനുള്ള പണം കണ്ടെത്തി മടങ്ങിവരും.
ഒരിക്കൽ പരോളിലിറങ്ങിയപ്പോൾ റെനിയുടെ ഊഴമായിരുന്നു. ‘മദ്രാസിലെ മോൻ’ എന്നപേരിൽ സിനിമയെടുത്ത നിർമാതാവിനെ ഭീഷണിപ്പെടുത്തി 60,000 രൂപയുമായാണ് തിരികെവന്നത്. അതിൽ പകുതി ഒരു ജയിൽ ഉദ്യോഗസ്‌ഥൻ കൊണ്ടുപോയി. 1987ൽ പരോളിൽ ഇറങ്ങിയതു തിരുവല്ലയിൽ ഒരു സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ജയിലിൽവച്ചേ പദ്ധതിയിട്ടായിരുന്നു.വീട്ടിലെത്തി സേഫ് തകർക്കാനുള്ള ഗ്യാസ് കട്ടറും മറ്റു സ്വരുക്കൂട്ടുന്നതിനിടയിൽ താടിവച്ച ഒരു അപരിചിതൻ റെനിയെ തേടിയെത്തി. തന്നോടൊപ്പം ഒരു സ്‌ഥലവരെ വരണമെന്നു പറഞ്ഞപ്പോൾ ഏതോ കവർച്ചയിൽ പങ്കാളിയാകാൻ തന്നെ ക്ഷണിക്കുകയാണെന്നാണ് കരുതിയത്.
കൂടെപ്പോയി. പക്ഷേ, എത്തിയത് ഒരു പ്രാർഥനാലയത്തിൽ. അടുത്ത പരോൾ കഴിഞ്ഞു റെനി മടങ്ങി വന്നതു വിവാഹിതനായാണ്.വധു ബഹ്‌റെനിൽ നഴ്‌സായ മംഗലാപുരം സ്വദേശി ടിന. കൊലയാളി യുവാവിന്റെ മനം മാറ്റത്തിൽ വിശ്വാസം അർപ്പിച്ച് ടിന ജീവിത പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നു..ഒരു വ്യാഴവട്ടത്തിന്റെ ജയിൽശിക്ഷ കഴിഞ്ഞു റെനി ബാഗ്ലൂരിൽ ടിനയ്‌ക്കൊപ്പം പുതിയൊരു ജീവിതം തുടങ്ങി. കിബ്‌ലോയും ഗുണശേഖറും ഗുലാമും മോചിതരായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങി. അവരെയൊന്നു പിന്നീടു റെനി കണ്ടിട്ടില്ല.