26.3 C
Kottayam
Monday, May 13, 2024

പ്രതിസന്ധികള്‍ നേരിട്ട കാലത്ത് ഒരു ‘സ്വഭാവ നടന്‍’ തന്നെ ലഹരി മരുന്നിന് അടിമയാക്കി; വെളിപ്പെടുത്തലുമായി കങ്കണ

Must read

മുംബൈ: പ്രതിസന്ധികള്‍ നേരിട്ട കാലത്ത് ഒരു ‘സ്വഭാവ നടന്‍’ തന്നെ ലഹരിമരുന്നിന് അടിമയാക്കിയെന്ന് കങ്കണ. ഇദ്ദേഹം പിന്നീട് ‘സ്വയം പ്രഖ്യാപിത ഭര്‍ത്താവായി’ മാറുകയായിരുന്നു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്.

പതിനാറാം വയസില്‍ മണാലി വിട്ട കങ്കണ ഛണ്ഡിഗഡില്‍ നടന്ന ഒരു മത്സരത്തില്‍ വിജയിച്ചു. പരിപാടി സംഘടിപ്പിച്ച ഏജന്‍സി തുടര്‍ന്ന് മുംബൈയിലേക്ക് അയച്ചു. ആദ്യദിവസങ്ങളില്‍ ഹോസ്റ്റലില്‍ കഴിഞ്ഞ ശേഷം ബന്ധുവായ ഒരു സ്ത്രീക്കൊപ്പമായി താമസം. ഈ സമയത്താണ് സ്വഭാവ നടന്‍ ബോളിവുഡില്‍ അവസരം തരപ്പെടുത്താമെന്ന വാഗ്ദാനവുമായി എത്തുന്നത്. ബന്ധുവായ സ്ത്രീയെയും പറഞ്ഞു വിശ്വസിപ്പിക്കുകയും പിന്നീട് പാര്‍ട്ടികള്‍ക്ക് ഒപ്പം കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിലാണ് ലഹരിമരുന്ന് നല്‍കിത്തുടങ്ങിയത്. പിന്നീട് ഇയാള്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കുകയും തന്റെ ഭര്‍ത്താവിനെ പോലെ പെരുമാറാന്‍ തുടങ്ങിയെന്നും കങ്കണ പറഞ്ഞു.

പിന്നീട് ദുബായില്‍ നിന്ന് എത്തുന്നവര്‍ക്കു മുന്നിലേക്ക് ഈ നടന്‍ തന്നെ കൊണ്ടുപോയി തുടങ്ങിയെന്നു കങ്കണ പറഞ്ഞു. കുറച്ചു സമയം കഴിയുമ്പോള്‍ ഇയാള്‍ എഴുന്നേറ്റ് പോകും. തുടര്‍ന്ന് ദുബായില്‍ നിന്നു വരുന്നവര്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയും മറ്റും ചെയ്യും. ഒരു ഘട്ടത്തില്‍ ദുബായിലേക്കു കയറ്റി വിടുമെന്നു പോലും ഭയന്നു.

2006-ല്‍ എത്തിയ ഗ്യാങ്സ്റ്റര്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ഹിറ്റായതോടെ കങ്കണ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കങ്കണ പ്രശസ്തയാകുന്നത് ഇഷ്ടപ്പെടാത്ത നടന്‍ ലഹരിമരുന്ന് ഇഞ്ചക്ഷനുകള്‍ നല്‍കാന്‍ ആരംഭിച്ചു. പലപ്പോഴും ഷൂട്ടിങ്ങിനു പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതേക്കുറിച്ച് സംവിധായകന്‍ അനുരാഗ് ബസുവിനോടു പറഞ്ഞു. പീഡനം ഭയന്ന് പലരാത്രികളിലും ബസുവിന്റെ ഓഫീസിലാണു താമസിപ്പിച്ചതെന്നും കങ്കണ പറഞ്ഞു.

സമാനമായ രീതിയിലാവാം സുശാന്തിനെയും ലഹരിമരുന്നിന് അടിമയാക്കി ഹൃദയം തകര്‍ത്ത് മരണത്തിലേക്കു തള്ളിവിട്ടതെന്നാണ് കങ്കണ പറയുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍ നിന്നു വരുന്ന സുശാന്തിന് റിയയാവാം മരുന്നുകള്‍ എത്തിച്ചുകൊടുത്തതെന്നും കങ്കണ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week