27.8 C
Kottayam
Tuesday, May 28, 2024

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

Must read

കൊച്ചി: സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ഇമാജിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളിയായ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം. പ്രശസ്ത അഫ്ഗാനിസ്ഥാന്‍ നടി ലീന അലാമും പ്രമുഖ കസക്കിസ്ഥാന്‍ നിര്‍മ്മാതാവായ ഓള്‍ഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സജിന്‍ ബാബു സംവിധാനം നിര്‍വ്വഹിച്ച ‘ബിരിയാണി’ എന്ന സിനിമയിലെ അഭിനയത്തിനാണ് കനിക്ക് അവാര്‍ഡ്. സര്‍ എന്ന സിനിമയിലെ അഭിനയത്തിന് തിലോത്തിമ ഷോ മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.

ഒക്ടോബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്ക് ചിത്രം പരിഗണിച്ചതിന് പിന്നാലെയാണ് സ്‌പെയിനില്‍ നിന്നുള്ള പുരസ്‌കാരം. നേരത്തേ ബിരിയാണി ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിപ്പിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടുകയും ചെയ്തിതിരുന്നു.

ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം എന്നിവയും ബിരിയാണി നേടിയിട്ടുണ്ട്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. കടല്‍ തീരത്ത് താമസിക്കുന്ന ഒരു ഉമ്മയുടേയും മകളും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മകള്‍ കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജയുമാണ് അഭിനയിക്കുന്നത്. സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.

യു.എ.എന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week