മുംബൈ: ബാന്ദ്രയിലെ തന്റെ ഓഫീസ് പൊളിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ ശിവസേനയും ബോളിവുഡ് താരം കങ്കണാ റാണത്തും തമ്മിലുള്ള പോര് മുറുകുന്നതിനിടെ പ്രശ്നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയോട് കങ്കണാ റാണത്ത്. ബി.എം.സി തന്നെ കൈകാര്യം ചെയ്ത രീതിയില്‍ ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ക്ക് വേദന തോന്നുന്നില്ലേ എന്ന് കങ്കണ ചോദിക്കുന്നു. വെള്ളിയാഴ്ച രാവിലെ തുടര്‍ച്ചയായി പുറത്തുവിട്ട ട്വീറ്റിലൂടെയാണ് കങ്കണ ഇക്കാര്യം സോണിയയോട് ചോദിച്ചത്.
”ഡോ. ബിആര്‍ അംബേദ്ക്കര്‍ നല്‍കിയ ഭരണഘടന പ്രകാരമുള്ള തത്വങ്ങള്‍ അനുസരിക്കാന്‍ നിങ്ങള്‍ നിങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെടാത്തതെന്താണ് ?” കങ്കണ ഒരു ട്വീറ്റില്‍ ചോദിക്കുന്നു. ”നിങ്ങള്‍ പാശ്ചാത്യ രാജ്യത്താണ് വളര്‍ന്നതെങ്കിലും ജീവിച്ചത് ഇന്ത്യയിലാണ്. ഒരു സ്ത്രീ അനുഭവിക്കുന്ന ദുരിതം അറിയാവുന്ന നിങ്ങളുടെ നിശബ്ദത ചരിത്രത്തില്‍ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ സ്വന്തം സര്‍ക്കാര്‍ നിയമവ്യവസ്ഥകളെ നോക്കുകുത്തിയാക്കി ഒരു സ്ത്രീയെ അപമാനിക്കുമ്പോള്‍ നിശബ്ദമായി ഇരുന്നാല്‍ ചരിത്രം നിങ്ങളെ വിധിക്കും. പ്രശ്നത്തില്‍ നിങ്ങള്‍ ഇടപെടുമെന്ന് കരുതുന്നു.” കങ്കണയുടെ മറ്റൊരു ട്വീറ്റ് ഇങ്ങിനെ പോകുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് എതിരേയും കങ്കണ രംഗത്ത് വന്നിരുന്നു. തന്റെ ഓഫീസ് തകര്‍ത്തതിലൂടെ ഉദ്ധവ് താക്കറേ രാഷ്ട്രീയ പകപോക്കല്‍ നടത്തുയാണെന്ന് കങ്കണ ആരോപിച്ചിരുന്നു. ബിഎംസിയുടെ അനുമതി വാങ്ങിയാണ് താന്‍ ഓഫീസ് നിര്‍മ്മാണ ജോലി ആരംഭിച്ചതെന്നും ഇപ്പോള്‍ അവരുടെ നോട്ടീസില്‍ പറയുന്നത് 14 നിയമലംഘനം നടത്തിയാണ് അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നുമാണ്. അതേസമയം കങ്കണയുടെ നടപടികളും ട്വീറ്റുമെല്ലാം രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതാണെന്ന ശ്രുതി പരന്നിട്ടുണ്ട്. ഒരു പാര്‍ട്ടിക്കു മേല്‍ മറ്റൊരു പാര്‍ട്ടിയോട് ചായ്വകാട്ടുന്നതാണ് എന്നും വിലയിരുത്തപ്പെടുന്നു.
?
അതേസമയം കങ്കണയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി രാംദാസ് അതാവലേ രംഗത്ത് വന്നിട്ടുണ്ട്. ”തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യം ഇല്ലെന്നും പക്ഷേ സാമാമൂഹിക ഐക്യത്തില്‍ വിശ്വസിക്കുന്നു എന്നുമാണ് കങ്കണ പറയുന്നത്. ഇനി വരാനിരിക്കുന്ന സിനിമയില്‍ താന്‍ ഒരു ദളിത് പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്യുന്നതെന്നും ജാതിവ്യവസ്ഥ തുടച്ചുമാറ്റേണ്ടതാണെന്നുമാണ് അവര്‍ പറഞ്ഞത്” കങ്കണയുമായി അവരുടെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം അതാവലേ പറഞ്ഞു.