ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍ഹാസന്‍. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇത്രയും വലിയൊരു ധൂര്‍ത്ത് നടത്തുന്നതിന്റെ അര്‍ഥമെന്താണെന്ന് കമല്‍ഹാസന്‍ ചോദിച്ചു.
ഇന്ത്യയിലെ പകുതിയിലധികം ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍, കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുമ്പോള്‍ എന്തിനാണ് 1,000 കോടി ചെലവിട്ട് പുതിയ പാര്‍ലമെന്റ്. ചൈനയിലെ മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചു വീഴുകയായിരുന്നു, ആളുകളെ സംരക്ഷിക്കാനാണ് മതില്‍ പണിയുന്നതെന്നായിരുന്നു അപ്പോള്‍ ഭരണാധികാരികള്‍ നല്‍കിയ മറുപടി. ആരെ രക്ഷിക്കാനാണ് ഇപ്പോള്‍ 1,000 കോടി രൂപയുടെ പാര്‍ലമെന്റ് പണിയുന്നത്. പ്രധാനമന്ത്രി മറുപടി നല്‍കണം. കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടെ സെന്‍ട്രല്‍ വിസ്ത എന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 20000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്ത് തന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നീണ്ടുകിടക്കുന്നതാണ് നിര്‍ദിഷ്ട പദ്ധതി. രാഷ്ട്രപതി ഭവനും യുദ്ധസ്മാരകമായ ഇന്ത്യാഗേറ്റിനും ഇടയിലാണ് പദ്ധതി യാഥാര്‍ഥ്യമാകുക. ഇതിനിടയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിക്കും. നാലുനിലയുള്ള പാര്‍ലമെന്റ് മന്ദിരമാണ് ഇതില്‍ പ്രധാനം. ഇതിന് മാത്രം ആയിരം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേ സമയം 1224 അംഗങ്ങള്‍ക്ക് വരെ ഇരിക്കാന്‍ കഴിയുന്ന വിധമാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്.
രാഷ്ട്രപതിഭവന്‍ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്- സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.