ഉലകനായകനൊപ്പം നയന്‍താര,സംവിധാനം മണിരത്‌നം,സ്വപ്‌ന സിനിമ യാഥാര്‍ത്ഥ്യത്തിലേക്ക്
ചെന്നൈ:തെന്നിന്ത്യൻ സിനിമയുടെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. നായകന്മാർക്കൊപ്പമുള്ള സിനിമകളിലൂടെ തൻ്റെ മേൽവിലാസം സൃഷ്ടിച്ച താരം ഇന്ന് ബോക്സോഫീസിൽ തൻ്റെ പേരുകൊണ്ടു മാത്രം ബിസിനസ് സൃഷ്ടിക്കുന്നു. ഇന്ന് തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ നയൻതാര എന്നതാണ് സിനിമകളുടെ പരസ്യ വാചകം പോലും. എന്നാൽ സ്ത്രീ പക്ഷ സിനിമകളിൽ മാത്രം ചുറ്റിത്തിരിയാതെ സൂപ്പർസ്റ്റാർ സിനിമകളിലൂടെ ബിഗ് ബജറ്റ് പ്രോജക്ടുകളുടെ ഭാഗമാവുകയും ചെയ്യുന്നുണ്ട് ഈ താരം. ഇപ്പോൾ കരിയറിൽ കാത്തിരുന്ന മറ്റൊരു വലിയ സന്തോഷത്തിലേക്കാണ് നയൻസ് എത്തുന്നത്.
തെന്നിന്ത്യൻ സിനിമയിൽ രജനികാന്ത്, ചിരഞ്ജീവി, മമ്മൂട്ടി, മോഹൻലാൽ വിജയ്, സൂര്യ, അജിത്ത് തുടങ്ങി മലയാളത്തിൻ്റെ യുവതാരം നിവിൻ പോളിയുടെവരെ നായികയായി നയൻസ് മാറിയിട്ടുണ്ട്. എന്നാൽ കരിയറിൻ്റെ രണ്ട് പതിറ്റാണ്ട് പൂർത്തീകരിക്കുമ്പോൾ ഇന്ത്യൻ സിനിമയിലെ ഏതു നായികയും കൊതിക്കുന്ന പ്രോജക്ടിലേക്കാണ് നയൻസിൻ്റെ പേര് ചേർക്കപ്പെട്ടിരിക്കുന്നത്. ഉലകനായകൻ കമൽഹാസൻ്റെ നായികയായി നയൻസ് ഇനി വെള്ളിത്തിരയിലേക്കെത്തുന്നു. കോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും ചൂടുള്ള വാർത്ത ഇപ്പോൾ ഇതാണ്.
കമൽഹാസനും നയൻതാരയും ഒന്നിക്കുന്ന ചിത്രം മണിരത്നം സംവിധാനം ചെയ്യുന്നുവെന്നതാണ് വലിയ പ്രത്യേകത. ശങ്കറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ രണ്ടിൻ്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് കമൽഹാസനിപ്പോൾ. ഇതിനു ശേഷമാണ് മണിരത്നത്തിൻ്റെ ചിത്രത്തിലെത്തുന്നത്. നയൻതാര ഇപ്പോൾ ആദ്യ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയാണ്.
തമിഴിൽ ഹിറ്റുകൾ സൃഷ്ടിച്ച അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് നയൻതാരയും അരങ്ങേറ്റം കുറിക്കുന്നത്. പഠാനു ശേഷം ഷാരുഖ് ഖാൻ നായകനാകുന്ന ഹെവി ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് ഷാരുഖ് ഖാന് നായികയായി നയൻസ് അഭിനയിക്കുന്നത്.
പൊന്നിയിൻ സെൽവനു ശേഷം മണിരത്നം ഒരുക്കുന്ന ചിത്രമാണ് കമൽഹാസനൊപ്പമുള്ളത്. 36 വർഷത്തിനു ശേഷമാണ് സംവിധായകൻ മണിരത്നവും കമൽഹാസനും ഒന്നിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ നായകനിലാണ് കമൽഹാസനും മണിരത്നവും അവസാനം ഒന്നിച്ചത്. ഇന്ത്യൻ സിനിമയിലെ ക്ലാസിക് സിനിമകളിലൊന്നാണ് നായകൻ. ഇരട്ട വേഷമായിരുന്നു ചിത്രത്തിൽ കമൽഹാസനായി മണിരത്നം ഒരുക്കിയിരുന്നത്.
പതിറ്റാണ്ടുകൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയിലാണ് നയൻതാരയും ഭാഗമാകുന്നത്. ബോളിവുഡ് നായികനാർ പോലും ആഗ്രഹിക്കുന്ന സംവിധായകൻ്റെ ചിത്രത്തിലേക്ക് നയൻതാരയെ പരിഗണിക്കുന്നതോടെയാണ് സ്വപ്ന സാക്ഷാത്കാരമായി മാറുന്നത്.
വിക്രത്തിൻ്റെ വലിയ വിജയത്തോടെ കരിയറിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ കമൽഹാസനും മണിരത്നത്തിനൊപ്പമുള്ള സിനിമ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ജയമോഹനാണ് ചിത്രത്തിൽ മണിരത്നത്തൊപ്പം എഴുതുന്നത്. ചിത്രത്തിൻ്റെ അനൌൺസ്മെൻ്റ് മാസങ്ങൾക്കു മുമ്പ് നടന്നിരുന്നു. ബിഗ് ബജറ്റ് ചിത്രമായാണ് ഒരുക്കുന്നത്.
നയൻതാരയ്ക്ക് ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിലൊരുങ്ങുന്നത്. ജയം രവിയുടെ നായികയായിട്ടുള്ള പ്രോജക്ടാണ് കരാറായ മറ്റൊരു പ്രോജക്ട്. തനി ഒരുവനു ശേഷം ജയം രവിക്ക് നായികയായി എത്തുന്ന ചിത്രമാണ് ഇരൈവൻ. ഇതിനു പിന്നാലെ തനി ഒരുവൻ രണ്ടാം ഭാഗവും തയാറാകുന്നുണ്ട്. നയൻതാരയുടെ 75 -ാം ചിത്രമായി ഒരുങ്ങുന്ന നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന പ്രോജക്ടിൻ്റെ ജോലികളും പുരോഗമിക്കുകയാണ്.