വീണ്ടും ബസപകടം; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
മൈസൂരു: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറിയിടിച്ച് 20 പേര്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാവുന്നതിന് മുമ്പ് വീണ്ടും ബസ് അപകടം. ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. ബംഗളൂരുവില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസ്. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.
ഇടിച്ച് മറിഞ്ഞ ബസില്‍ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.