ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കലാ രാജുവിന്റെ പരാതി; സംസ്ഥാന സെക്രട്ടറിക്കയച്ച കത്ത് പുറത്ത്
കൊച്ചി: കൂത്താട്ടുകുളം സി.പി.എം. ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് തന്നെ കബളിപ്പിച്ചുവെന്ന് വ്യക്തമാക്കി കല രാജു സംസ്ഥാന നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്. കുടുംബത്തിന്റെ കടബാധ്യത തീർത്തുതരാമെന്ന് പറഞ്ഞ് നിർബന്ധപൂർവം സ്ഥലം വിൽപ്പിച്ചുവെന്നാണ് പരാതി.
കലാരാജുവിന്റെ കുടുംബ വീട് സണ്ണി കുര്യാക്കോസ് ചെയർമാനായിരിക്കേയാണ് കാർഷിക സഹകരണ ബാങ്കിൽ പണയപ്പെടുത്തിയത്. ലോണിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഏകദേശം 23 ലക്ഷത്തോളം രൂപ കടമായി വന്നു. തുടർന്നാണ് ഇവരുടെ വീടും സ്ഥലവും വിൽപ്പന നടത്തിയത്. എന്നാൽ സ്ഥലം വിൽപ്പന നടത്തിയതിൽ സണ്ണി കുര്യാക്കേസ് ഇടപെടുകയും നിസാരമായ വിലക്ക് സ്ഥലം വിൽക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.
2024 ഒക്ടോബർ മാസത്തിലാണ് കലാരാജു സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് കത്ത് അയച്ചിരിക്കുന്നത്. സണ്ണി കുര്യാക്കോസ് നിർബന്ധപൂർവം സ്ഥലം വിൽപ്പിക്കുകയും ശേഷം പെർമിറ്റോ വീട്ട് നമ്പറോ ഒന്നും ഇല്ലാത്ത മറ്റൊരു പുതിയ വീട് വാങ്ങാൻ ഇടപ്പെടുകയും ചെയ്തു. 31 ലക്ഷം രൂപ വില വരുന്ന വീട് നാല്പത് ലക്ഷത്തിലധികം രൂപ മുടക്കിയാണ് വാങ്ങിപ്പിച്ചത്. പെർമിറ്റ് നേടിയെടുക്കുന്നതിനടക്കം വീണ്ടും ലക്ഷങ്ങൾ ചെലവാക്കേണ്ടി വന്നുവെന്നും കത്തിൽ ആരോപിക്കുന്നു.
മൂന്ന് വർഷം മുമ്പാണ് ഈ സംഭവങ്ങൾ നടന്നത്. കലാരാജുവിന്റെ ഭർത്താവ് ബാങ്കിലെ അംഗമായിരുന്നു. ഭർത്താവിന്റെ പേരിലുള്ള ഷെയർ എത്രയെന്ന് പറഞ്ഞിട്ടില്ല. തിരിച്ചടക്കാൻ സാവകാശം ചോദിച്ചിരുന്നെങ്കിലും പണമടച്ചില്ലെങ്കിൽ വീടും സ്ഥലവും നഷ്ടമാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ഇക്കാര്യങ്ങളെല്ലാം തന്നെ നേരത്തെ ബ്രാഞ്ച് സമ്മേളനങ്ങളിൽ കലാരാജു ഉന്നയിച്ചിരുന്നു. എന്നാൽ പരിഹാരം ലഭിക്കാതായതോടെയാണ് സി.പി.എം. ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും കത്തുകൾ അയച്ചത്. ഈ കത്ത് കിട്ടിയിരുന്നുവെന്ന് നേരത്തെ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.