KeralaNews

പി.എസ്.പരീക്ഷയില്‍ ഒന്നാം റാങ്ക്,സര്‍ക്കാര്‍ ജോലി,ഹൈക്കോടതിയില്‍ 11 വര്‍ഷം നീണ്ട കേസ്,ഹര്‍ജി തള്ളിയതിന് പിന്നാലെ സി.ബി.ഐ അന്വേഷണം;കാക്കനാട്ടെ കൂട്ട ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു

കൊച്ചി: കാക്കനാട്ടെ കൂട്ടആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ സഹോദരി ശാലിനിക്കെതിരെ അഴിമതിയില്‍ സിബിഐ കേസെടുത്തിരുന്നു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ജോലി നേടിയ വ്യക്തിയാണ് ശാലിനി. ഇവര്‍ വിവാഹ മോചിതയാണ്. ഒരു കുട്ടിയും ഉണ്ട്. കഴിഞ്ഞ 15-ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഇതാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സംശയം.

ഇന്നലെയായിരുന്നു എറണാകുളം കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെയും സഹോദരിയെയും അമ്മയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അസി.കമ്മിഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരാണ് മരിച്ചത്. കാക്കനാട് വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുറച്ചു ദിവസമായി മനീഷ് വിജയ് അവധിയിലായിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വീടിനകത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. അന്തര്‍മുഖനായ മനീഷ് വിജയുടെ സഹോദരി 2006ലാണ് ജോലിയില്‍ പ്രവേശിച്ചത്. 2013 മുതല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഇവര്‍ക്കെതിരെ ഒരു കേസുണ്ടായിരുന്നു. ആ കേസ് കോടതി തള്ളിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്.

കോടതി രേഖകള്‍ പരിശോധിച്ചാല്‍ ശാലിനിയുടെ അഭിഭാഷകന്റെ വിശദീകരണം കേട്ടാണ് ഹൈക്കോടതി കേസ് തള്ളിയത്. തന്റെ കക്ഷിയുടെ ഭാഗത്ത് നിന്നും വിവരങ്ങളൊന്നും കിട്ടുന്നില്ലെന്ന അഭിഭാഷകന്റെ വാദം രേഖപ്പെടുത്തിയാണ് കേസ് തള്ളിയത്. ശാലിനി വെഴ്‌സസ് ഗവ ജാര്‍ഖണ്ഡ് എന്ന പേരിലാണ് ആ കേസുള്ളത്. ലോകായുക്ത അടക്കം ഈ കേസ് രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്തിരുന്ന ശാലിനിക്കെതിരെ എന്തോ ഒരു അഴിമതി കേസ് നിലവിലുണ്ടെന്ന് വ്യക്തം.

ഈ കേസ് കോടതി തള്ളിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകും മനീഷ് വിജയിന്റെ കുടുബത്തെ അലട്ടിയതെന്നാണ് സൂചന. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ശകുന്തള അഗര്‍വാള്‍ സ്വന്തം നിലയിലാണ് മക്കളെ എല്ലാം വളര്‍ത്തിയത്. നാലു മക്കളാണുള്ളത്. മൂത്ത മകന്‍ നേരത്തെ ആത്മഹത്യ ചെയ്തതാണ്. ഇപ്പോള്‍ അമ്മയും മകനും ഒരു മകളും മരിച്ചു. ഇനി ഒരാള്‍ മാത്രമാണ് ശകുന്തളയുടെ മക്കളായുള്ളത്. ശാലിനി ഡിവോഴ്‌സ് നേടിയതാണ്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നും വിവരം പുറത്തു വരുന്നുണ്ട്.

ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ രേഖകള്‍ പ്രകാരം സെപ്റ്റംബറിലാണ് ശാലിനിയുടെ കേസ് തള്ളിയത്. അതിന് ശേഷമാകണം ശാലിനിയും അമ്മയും കൊച്ചിയിലേക്ക് വന്നത്. ഹൈക്കോടതിയില്‍ കേസ് തള്ളിയതു കൊണ്ടു തന്നെ ഈ കേസില്‍ ഇവര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ സജീവായിരുന്നുവെന്നാണ് നിഗമനം. മനീഷ് വിജയ് നാട്ടിലേക്ക് യാത്ര പോയെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയെക്കുറിച്ച് അറിവുള്ള സഹപ്രവര്‍ത്തകര്‍ക്കുണ്ടായ സംശയമാണ് നടുക്കുന്ന മരണവാര്‍ത്ത പുറംലോകത്തെത്തിച്ചത്.

ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെങ്കിലും പിന്നിലെ കാരണമെന്തെന്ന് സഹപ്രവര്‍ത്തകര്‍ക്കോ അയല്‍വാസികള്‍ക്കോ കൃത്യമായ ധാരണയുമില്ല. ഉദ്യോഗസ്ഥനും കുടുംബവും അയല്‍വാസികളോട് അടുപ്പം വെച്ചുപുലര്‍ത്തിയിരുന്നില്ല. മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവില്‍ ജോലിചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലേക്കെത്തുന്നത്. പോലീസ് അന്വേഷണത്തിലാണ് ശാലിനിയുടെ ജോലിയുടെ വിവരങ്ങള്‍ അടക്കം കിട്ടിയത്.

കാക്കനാട് താണപാടം – പടമുകള്‍ റോഡിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മനീഷ് ഒറ്റയ്ക്കായിരുന്നു താമസം. മാസങ്ങള്‍ക്കു മുന്‍പാണ് അമ്മയും സഹോദരിയും ഇങ്ങോട്ടേക്കെത്തിയത്. എന്നാല്‍, ഇവരെ പുറത്തുകാണുന്നത് വിരളമായിരുന്നു. പ്രാര്‍ഥിക്കാനായി സിറ്റൗട്ടിലേക്ക് എത്തുമ്പോള്‍ മാത്രമാണ് മനീഷിന്റെ പ്രായമായ അമ്മയെ കണ്ടിട്ടുള്ളതെന്ന് അയല്‍വാസികള്‍ പറയുന്നു. അതിനാല്‍ വീട്ടില്‍നിന്ന് ആളനക്കമില്ലാതായിട്ടും ആര്‍ക്കും അസ്വാഭാവികത തോന്നിയില്ല.

തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികള്‍ പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചെങ്കിലും ഇങ്ങനെയൊരു അത്യാഹിതമുണ്ടായതായി ആരും സംശയിച്ചതുമില്ല. എന്നാല്‍, ജോലിയില്‍ കൃത്യനിഷ്ഠത പാലിച്ചിരുന്ന മനീഷ് അവധി കഴിഞ്ഞും ജോലിയില്‍ തിരികെ പ്രവേശിക്കാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്തേക്ക് തേടിയെത്തിയത്.

മനീഷ് വിജയ് സ്വദേശമായ ജാര്‍ഖണ്ഡിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അവധി എടുത്തത്. സഹോദരിയുടെ എന്തോ കാര്യങ്ങള്‍ തീര്‍ക്കാനായി പോകുന്നു എന്നാണ് ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നവരോട് പറഞ്ഞത്. ആരോടും ഇടപഴകാത്ത, ഒതുങ്ങിയ പ്രകൃതമായിരുന്നു മനീഷിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് ആര്‍ക്കും ധാരണയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker