KeralaNews

വീട്ടിൽ സ്ഥിരമായി പൂജകൾ, കത്തിച്ച കടലാസുകളിൽ എന്ത് എന്നതും ദുരൂഹത, മരണത്തിന് കാരണം സി.ബി.ഐ അന്വേഷണമോ? വിശദമായ പരിശോധനയുമായി പോലീസ്

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ്യേയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ വിശദ അന്വേഷണം നടത്തും. നാലഞ്ച് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. വെള്ള പുതപ്പിച്ച്, ചുറ്റും പൂക്കള്‍ വിതറിയ നിലയിലാണ് എണ്‍പത് വയസുകാരിയായ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടന്നിരുന്നത്.

അടുത്ത മുറികളിലായി തൂങ്ങി മരിച്ച നിലയിലാണ് മറ്റ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. വിദേശത്ത് നിന്നും മനീഷിന്റെ സഹോദരി ത്തെിയതിന് ശേഷമേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളൂ. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലും ഒരാളുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശികളായ യു.സി. വിജയ്ക്കും ശകുന്തള അഗര്‍വാളിനും നാല് മക്കളാണ് ഉണ്ടായിരുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ വിജയ് മരണപ്പെട്ടതോടെ അമ്മയായിരുന്നു മക്കള്‍ക്കെല്ലാം. ശാലിനിയുടെയും മനീഷിന്റെയും മറ്റ് രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു,

ഒരു സഹോദരി കല്യാണം കഴിച്ച് വിദേശത്താണ്. മരിച്ച രണ്ടു പേരും അമ്മയുമായി ഏറെ അടുപ്പത്തിലായിരുന്നു ഇരുവരും. അമ്മയെ ആശ്രയിച്ച് ജീവിതം നയിച്ചിരുന്ന ശാലിനിക്കും മനീഷിനും ശകുന്തളയുടെ മരണം താങ്ങാന്‍ സാധിക്കാതെ ആത്മഹത്യ ചെയ്തതാവാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങളോടെയാണ് ശകുന്തളയെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നത് ആ സാധ്യത സാധൂകരിക്കുന്നു. മനീഷിന്റെ മുറിയില്‍ നിന്ന് ഹിന്ദിയിലെഴുതിയ ഡയറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വിദേശത്തുള്ള സഹോദരിയെ തങ്ങളുടെ മരണവിവരമറിയിക്കണമെന്ന് കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വര്‍ഷമായി മനീഷ് വിജയ് ഒറ്റക്കാണ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നത്. 4 മാസം മുമ്പാണ് അമ്മയേയും സഹോദരിയെയും കാക്കനാട്ടെ ക്വാര്‍ട്ടേഴ്സിലേക്ക് അദ്ദേഹം കൊണ്ടുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉന്നത ഉദ്യേഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലേക്ക് പുറത്തുനിന്ന് ആരെയും അധികമായി പ്രവേശിപ്പിക്കാറില്ല.

ഭാഷാപ്രശ്നമുള്ളതും പരിസരവാസികളുമായി അധികം അടുപ്പം പുലര്‍ത്താതിരുന്നതും മരണം പുറത്തറിയാന്‍ വൈകി. ശകുന്തള അഗര്‍വാളും ശാലിനിയും അധികം പുറത്തിറങ്ങാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. പുറത്ത് നിന്ന് ഓര്‍ഡര്‍ നല്‍കിയാണ് സാധനങ്ങള്‍ അധികവും വാങ്ങിയിരുന്നത്. ഇതുമായി എത്തുമ്പോള്‍ വാങ്ങാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്.

ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി വിവരമുണ്ട്. ഇക്കാരണവും ഇവരെ ആത്മഹത്യയിലേക്ക് നയിച്ചുവോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് അടുപ്പമുള്ളവര്‍ ആവശ്യപ്പെടുന്നു. 2006-ല്‍ ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തിയിരുന്നു ശാലിനി. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെട്ടു എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതില്‍ വ്യക്തതയില്ല. ആദ്യം ജാര്‍ഖണ്ഡ് പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ല്‍ സിബിഐ ഏറ്റെടുത്തു. 12 വര്‍ഷത്തിനുശേഷം നവംബറില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ ആരംഭിക്കാന്‍ ഇരിക്കെയാണ് മരണം. എന്നാല്‍ ഇതുമായി ആത്മഹത്യയ്ക്ക് ബന്ധമുണ്ടോ എന്നതിന് വ്യക്തമല്ല. ഈ കേസുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡിലേക്ക് പോവുകയാണെന്ന് കാണിച്ചാണ് മനീഷ് ഓഫീസില്‍ നിന്ന് ഒരാഴ്ച്ചത്തെ അവധിയെടുത്തിരുന്നത്.

ഒന്നര വര്‍ഷത്തോളമായി കാക്കനാട് താണപാടം – പടമുകള്‍ റോഡിലെ സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സില്‍ മനീഷ് താമസം തുടങ്ങിയിട്ട്. കേസ് വന്നതിനുശേഷം മാസങ്ങള്‍ക്ക് മുമ്പാണ് സഹോദരിയും അമ്മയും മനീഷിനൊപ്പം താമസിക്കാനെത്തിയത്. മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവില്‍ ജോലിചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലേക്കെത്തിയത്.

നീഷിന്റെ ഇളയസഹോദരി പ്രിയ അജയ് അബുദാബിയില്‍ നിന്ന് എത്തിയശേഷം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രോഗപീഡകളുണ്ടായിരുന്ന മാതാവ് ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ വെള്ള പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു. ചുറ്റും പൂക്കള്‍ വിതറിയിട്ടുണ്ട്. ഇവര്‍ സ്ഥിരമായി പൂക്കള്‍ വാങ്ങിയിരുന്നതിന്റെ ബില്ലുകള്‍ വീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. വീട്ടില്‍ സ്ഥിരമായി പൂജകള്‍ നടത്തിയിരുന്നു.

മനീഷിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് യു.സി.വിജയ് മരിച്ചു. ഡപ്യൂട്ടി കലക്ടറായിരുന്ന ശാലിനിക്കു ജോലിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ 15നു ജാര്‍ഖണ്ഡ് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാവാനുള്ള സമന്‍സ് ലഭിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് മനീഷ് അവധിയെടുത്തത്. സഹോദരിയുടെ ആവശ്യത്തിനു നാട്ടിലേക്കു പോകുമെന്നു സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

എന്നാല്‍ ലീവ് കഴിഞ്ഞിട്ടും മനീഷ് ജോലിക്ക് എത്താതിരുന്നപ്പോഴാണ് അന്വേഷണം തുടങ്ങിയത്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ശകുന്തള ഇന്‍സുലിന്‍ ഉപയോഗിച്ചിരുന്നു. അമ്മയെ ഡോക്ടറെ കാണിക്കാനായി 20ാം തീയതി വരാന്‍ ഡ്രൈവറോടു പറഞ്ഞിരുന്നു. ഡ്രൈവര്‍ വിളിച്ചിട്ടും മനീഷിനെ ഫോണില്‍ കിട്ടാതിരുന്നതോടെ നേരിട്ടു വന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

അമ്മയുടെ മൃതദേഹത്തിലും മുറിയിലുമായി 10 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അടുക്കളയില്‍ സ്റ്റൗവിനു സമീപം കത്തി ചാരമായ നിലയില്‍ കണ്ടെത്തിയ കടലാസുകള്‍ എന്താണെന്നു വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker