കൊച്ചി:മലയാള തനിമ ഉണർത്തുന്ന മണ്ണിന്റെ ഗന്ധമുള്ള മനോഹര സംഗീതമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേത്. ഇദ്ദേഹം സംഗീതം ചെയ്ത ഗാനങ്ങൾ കേൾക്കുമ്പോൾ എന്നോ നഷ്ടപ്പെട്ടുപോയ ആ ഗൃഹാതുരത്തം വീണ്ടും കേൾവിക്കാരനിലേക്ക് വന്ന് ചേരാറുണ്ട്. കഴിഞ്ഞുപോയ കാലത്തെ പാടവും അതിർവരമ്പുകളും പുഴകളും തൊടികളും അങ്ങനെ കഴിഞുപോയ കാലത്തെ എല്ലാ ഓർമ്മകളും ചിലപ്പോൾ കൈതപ്രത്തിന്റെ ഒറ്റ പാട്ടിലൂടെയും കടന്ന് വരാറുണ്ട് അതുകൊണ്ട് തന്നെ അദ്ദേഹം സംഗീതം നിർവഹിച്ച ഗാനങ്ങൾ ഇപ്പോഴും മലയാളികളുടെ പ്ലേ ലിസ്റ്റ് ഭരിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസൻ സിനിമ ഹൃദയത്തിന് വേണ്ടിയാണ് ഏറ്റവും അവസാനം കൈതപ്രം ഗാനങ്ങൾ രചിച്ചത്. ചിത്രത്തിലെ എല്ലാ പാട്ടുകളും വൻ വിജയമായിരുന്നു.തന്റെ എഴുത്തിനോടുള്ള സ്നേഹം കൊണ്ട് വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ടിട്ടാണ് ഹൃദയത്തിന് വേണ്ടി ഗാനങ്ങൾ എഴുതിയതെന്നാണ് കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞത്. തനിക്ക് രൂപത്തിൽ മാത്രമെ പ്രായമായിട്ടുള്ളുവെന്നും പുതിയ കാലത്തിനൊത്ത് വരികൾ എഴുതാനുള്ള കഴിവ് തനിക്കുണ്ടെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടൻ പൃഥ്വിരാജിനെ കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പറയുന്ന സ്ഥലത്തെല്ലാം പോയിയെന്നും കണ്ടെന്ന ഭാവം പോലും പൃഥ്വിരാജ് നടിച്ചില്ലെന്നും തന്നെ കുറെ ചുറ്റിച്ചുവെന്നുമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സിനിമക്കാരിൽ ചിലർ തന്നോട് സഹകരിക്കാറില്ലെന്ന് കൈതപ്രം പറഞ്ഞപ്പോൾ അത്തരത്തിൽ ആരെയെങ്കിലും സമീപിച്ചിരുന്നുവോ എന്നാണ് അവതാരകൻ ചോദിച്ചത്. അതിനുള്ള മറുപടിയായാണ് പൃഥ്വിരാജുമായുള്ള അനുഭവം കൈതപ്രം ദാമോദരൻ നമ്പൂതിരി വെളിപ്പെടുത്തിയത്. ‘സിനിമാക്കാരിൽ ഒരുവിധം ആളുകളെല്ലാം അപ്രോച്ച് ചെയ്തിട്ടുണ്ട് ഒരു പ്രോജക്ടിന് വേണ്ടി.’
‘പക്ഷെ സിനിമാക്കാരോ ഗവൺമെന്റോ സഹകരിച്ചില്ല. നായകൻ പാക്കിസ്ഥാനിയായിരുന്നു. അതുപോലെ ഞാൻ പൃഥ്വിരാജിന്റെ പിന്നാലെ ഒരുപാട് നടന്നു. പക്ഷെ ഞാൻ എന്തിനാണ് നടക്കുന്നതെന്ന് പോലും അയാൾ എന്നോട് ചോദിച്ചില്ല. പൃഥ്വിരാജ് എന്നെ കണ്ടഭാവം പോലും നടച്ചിട്ടില്ല. അയാൾക്ക് പാട്ടെഴുതേണ്ടി വരുമ്പോൾ എന്റെ അടുത്ത് വരും അത്രയെയുള്ളു.’
‘പൃഥ്വിരാജിനോട് കഥപറയാൻ വേണ്ടി അയാൾ പറഞ്ഞ സ്ഥലത്തെല്ലാം പോയിരുന്നു. എന്നെ ഒരുപാട് ചുറ്റിച്ചു. എനിക്ക് പക്ഷെ അതിൽ പരാതിയില്ല. അയാൾക്ക് വേണ്ടെങ്കിൽ വേണ്ട. അയാളുടെ കാര്യമല്ലേ അയാൾ നോക്കൂ. എനിക്ക് ആവശ്യമില്ലാത്ത കാര്യത്തിന് ഇയാൾ എന്തിനാണ് വരുന്നതെന്നായിരിക്കും അയാൾ ചിന്തിക്കുന്നുണ്ടാവുക.’
‘എനിക്ക് അതിൽ പരാതിയില്ലെന്നാണ്’, കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞത്. ‘എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിനാണെങ്കിൽ പോലും അയാളെ ഞാൻ ഭയപ്പെടുന്നില്ല. ഒരിക്കൽ ദേവരാജൻ മാഷ് എന്നോട് പറഞ്ഞു… ലോകത്തിലെ ഏറ്റവും മികച്ച ഗായകൻ യേശുദാസാണെന്ന് അയാൾക്കും കൂടി അറിയാവുന്ന കാര്യമാണ്.’
‘അതുതന്നെയാണ് യേശുദാസിന്റെ പ്രധാന പ്രശ്നം എന്നായിരുന്നു. അതുപോലെ തന്നെ എന്റെ പൊട്ടൻഷ്യൽ എന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അത് ഞാൻ നേടിയെടുത്തതാണ്’, എന്നാണ് മറ്റൊരു അഭിമുഖത്തിൽ പൃഥ്വിരാജിനെ കുറിച്ച് സംസാരിച്ച് കൈതപ്രം പറഞ്ഞത്.
ഹൃദയം സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ താരക തെയ്താരെ ആലപിച്ചത് പൃഥ്വിരാജായിരുന്നു. നടൻ, സംവിധായകൻ എന്നതിലുപരി നല്ല ഗായകൻ കൂടിയാണ് പൃഥ്വിരാജ്. ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.