FeaturedHome-bannerKeralaNews

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയിൽ, വിഷം കഴിച്ച ജോണ്‍സണ്‍ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു എന്തോ കഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. പ്രതി വിഷ വസ്തു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. ജോണ്‍സണ്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു പ്രതി. 

പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടർന്ന് പൊലീസ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജോണ്‍സണ്‍ ആണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയിരുന്നു. ഒരു വർഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. ഇയാൾക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു.

ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസന് നൽകിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ കൂടുതൽ പണം തട്ടിയിരുന്നത്. ഒടുവിൽ തന്റെ ഒപ്പം വരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചു.

കൃത്യം നടന്ന ദിവസം രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ ജോൺസൻ ബോധംകെടുത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയുടെ വാടക വീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുളള ആളാണ് പ്രതി ജോൺസൺ.   

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്.

പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു.  ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker