തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുരളീധരന് രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുന്നു. മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം അദ്ദേഹം കാണിക്കരുതെന്നും കടകംപള്ളി വിമര്‍ശിച്ചു.
ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അനവസരത്തിലെന്നും കടകംപള്ളി വിമര്‍ശിച്ചു. ഗ്രീന്‍ സോണിലുണ്ടായിരുന്ന കോട്ടയത്തും, ഇടുക്കിയിലും വീണ്ടും കൊവിഡ് ബാധിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നായിരിന്നു വി മുരളീധരന്റെ ആരോപണം.
പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയത്തെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മിരളീധരന്‍ നിര്‍വഹിക്കണമെന്നും പ്രവാസികളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അധ്യാപക സമൂഹത്തെ അപമാനിച്ചുവെന്ന ആരോപണത്തിന് മറുപടിയും കടകംപള്ളി നല്‍കി. അധ്യാപക സമൂഹത്തെ താന്‍ അപമാനിച്ചിട്ടില്ലെന്നും തന്റെ ഭാര്യയും അധ്യാപികയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് കത്തിക്കുന്നതിനെ കുറ്റം പറയുന്നില്ല. എന്നാല്‍ കടം ചോദിച്ച സര്‍ക്കാരിന്റെ ഉത്തരവ് കത്തിച്ച് ഫേസ്ബുക്കില്‍ ഇട്ട് ആഘോഷിച്ചതിനെയാണ് എതിര്‍ത്തതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനെയാണ് ആര്‍ത്തിപ്പണ്ടാരങ്ങള്‍ എന്നു പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.