കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അനേഷണ ഏജന്‍സി മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് അഞ്ചു മണിക്കൂര്‍ പിന്നിട്ടു. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറകക്ടറേറ്റിനു പിന്നാലെ എന്‍ഐഎയും ചോദ്യം ചെയ്തതോടെ ജലീലിന്റെ രാജിക്കായി പ്രതിപക്ഷ മുറവിളി ശക്തമായിരിക്കുകയാണ്.
രാവിലെ ആറു മണിക്കാണ് ചോദ്യം ചെയ്യലിനായി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മാധ്യമ ശ്രദ്ധ ഒഴിവാകാന്‍ സ്വകാര്യ കാറില്‍ ആയിരുന്നു മന്ത്രി എത്തിയതെങ്കിലും പെട്ടെന്നു തന്നെ വാര്‍ത്ത പുറത്തെത്തി. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ 12 മണിക്കു ശേഷവും തുടരുകയാണെന്നാണ് അറിയുന്നത്.
നയതന്ത്ര ചാനല്‍ വഴി എത്തിയ ഖുറാന്‍ കൈപ്പറ്റിയതു സംബന്ധിച്ചാണ് എന്‍ഐഎ വിവരങ്ങള്‍ തേടുന്നത് എന്നാണ് അറിയുന്നത്. കോണ്‍സുലേറ്റ് വഴിയെത്തിയ ഖുറാന്‍ മന്ത്രിയുടെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ് മലപ്പുറത്തേക്ക് എത്തിച്ചത്. ഇത് സംശയകരമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം ജലീലിന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി ശക്തമാക്കി. എന്‍ഐഎ ചോദ്യം ചെയ്ത മന്ത്രിക്കു പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് എന്‍ഐഎ ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തി. ഇവരെ പോലീസ് നീക്കം ചെയ്തു. ഓഫീസിനു പുറത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.