KeralaNews

ഹിജാബ് വിവാദം: റാങ്ക് ജേതാവ് അഭിരാമി ബിരുദദാന ചടങ്ങിലേക്കില്ല, ഐക്യദാർഡ്യത്തിന് കയ്യടിച്ച് കെ.ടി.ജലീൽ

ഹിജാബിന്‍റെ പേരിൽ ഉണ്ടാകുന്ന മാറ്റി നി‍ർത്തപ്പെടലുകൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി മുൻ മന്ത്രി കെ ടി ജലീൽ രംഗത്ത്. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഫിലോസഫിയിൽ രണ്ടാം റാങ്കു നേടിയ ഇരിഞ്ഞാലക്കുടക്കാരി അഭിരാമിയുടെ ഹിജാബ് ഐക്യദാർഢ്യത്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ജലീൽ മാറ്റി നി‍ർത്തപ്പെടലുകൾക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ കുട്ടി ഹിജാബ് ധരിച്ച് വന്നതിനാൽ ഉപരാഷ്ട്രപതി പങ്കെടുത്ത ബിരുദ ദാന ചടങ്ങിൽ പങ്കെടുപ്പിച്ചിരുന്നില്ലെന്ന് അഭിരാമി ചൂണ്ടികാട്ടിയിരുന്നു. റാങ്ക് നേടിയ പെൺകുട്ടിയെ ഹിജാബിന്‍റെ പേരിൽ മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് ഇത്തവണത്തെ ബിരുദ ദാന ചടങ്ങ് ബഹിഷ്കരിക്കുകയാണെന്നും അഭിരാമി പറഞ്ഞിരുന്നു.

അഭിരാമിയുടെ ഐക്യദാർഢ്യം മാതൃകാപരമാണെന്ന് ചൂണ്ടികാട്ടിയ കെ ടി ജലീൽ, ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് മനുഷ്യരുള്ള നാടാണ് ഇന്ത്യയെന്നും പ്രതീക്ഷാ നിർഭരമായ ഭാവി പുലരുക തന്നെ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. വിശ്വാസത്തിന്‍റെ പേരിൽ നൂൽ ബന്ധം പോലുമില്ലാതെ പൂർണ്ണ നഗ്നരായി സന്യാസിമാർ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേത്. അതവരുടെ വിശ്വാസമാണ്. ആർക്കും അതിൽ പരാതി തോന്നേണ്ട കാര്യമില്ല. എന്നാൽ സ്വന്തം ഇഷ്ട പ്രകാരവും വിശ്വാസ പ്രകാരവും ശരീര ഭാഗങ്ങൾ മറച്ച് വസ്ത്രം ധരിച്ചതിന്‍റെ പേരിൽ മുഖ്യധാരയിൽ നിന്ന് ചില‍ർ മാത്രം മാറ്റി നിർത്തപ്പെടുന്നത് വേദനാജനകമാണെന്നും അഭിരാമിയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിൽ ജലീൽ പറഞ്ഞു.

ജലീലിന്‍റെ കുറിപ്പ് പൂ‍ർണരൂപത്തിൽ

അഭിരാമിയാണ് ഇന്ത്യ
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് ഇത്തവണ ഫിലോസഫിയിൽ രണ്ടാം റാങ്കു നേടിയ മിടുക്കി ഇരിഞ്ഞാലക്കുടക്കാരി അഭിരാമിയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ബിന്ദു അവരെ അഭിനന്ദിക്കാൻ വീട്ടിലെത്തി. 
മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മാധ്യമ പ്രവർത്തകൻ കോൺവൊക്കേഷൻ ചടങ്ങിനെ സംബന്ധിച്ച് ചോദിച്ചു. അതിന് അഭിരാമി പറഞ്ഞ മറുപടി നമ്മെ ഇരുത്തിച്ചിന്തിപ്പിക്കും. കഴിഞ്ഞ വർഷം ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ കുട്ടിയെ ഹിജാബ് അഥവാ ശിരോവസ്ത്രം ധരിച്ച് വന്നു എന്ന കാരണത്താൽ കോൺവൊക്കേഷൻ ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല. ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് വെങ്കയ്യ നായിഡുവായിരുന്നു മുഖ്യാതിഥി. അതിലുള്ള പ്രതിഷേധം ഇത്തവണത്തെ ബിരുദ ദാന ചടങ്ങ് ബഹിഷ്കരിച്ചാണ് ഞാൻ പ്രകടിപ്പിക്കുക.
ഇങ്ങിനെ ചിന്തിക്കുന്ന ഒരുപാട് മനുഷ്യരുള്ള നാടാണ് നമ്മുടേത്. ഭാവി, പ്രതീക്ഷാ നിർഭരമാണ്. ആരും അപരവൽകരിക്കപ്പെടാത്ത നാളെ പുലരുക തന്നെ ചെയ്യും. 
വിശ്വാസത്തിന്‍റെ പേരിൽ നൂൽ ബന്ധം പോലുമില്ലാതെ പൂർണ്ണ നഗ്നരായി സന്യാസിമാർ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേത്. അതവരുടെ വിശ്വാസമാണ്. ആർക്കും അതിൽ പരാതി തോന്നേണ്ട കാര്യമില്ല. എന്നാൽ സ്വഇഷ്ട പ്രകാരവും വിശ്വാസ പ്രകാരവും ശരീര ഭാഗങ്ങൾ മറച്ച് വസ്ത്രം ധരിച്ചതിൻ്റെ പേരിൽ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നത് എന്തുമാത്രം വേദനാജനകമാണ്. 
ഭക്ഷണത്തിൽ തുടങ്ങിയ പാർശ്വവൽക്കരണം വസ്ത്രത്തിലേക്കും പതുക്കെ പ്രവേശിക്കുകയാണ്. അടുത്തത് ആരാധനാനുഷ്ഠാനങ്ങളുടെ ഏകീകരണമെന്ന വിചിത്ര വാദമാകും ഉയർത്തപ്പെടുക. അതിനവർ കേട്ടാൽ ത്രസിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരേ ഭക്ഷണം, ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു സംസ്കാരം, ഒരു രാജ്യം ഒറ്റ കലാരൂപം, ഒരു രാജ്യം ഒരേ മതം, ഒരു രാജ്യം ഒരൊറ്റ വസ്ത്രധാരണം, ഒരു രാഷ്ട്രം ഒരു ഭാഷ…… അങ്ങിനെ പോകും ഉൽഗ്രഥന പ്രേമികളുടെ തട്ടുപൊളിപ്പൻ പ്രഖ്യാപനങ്ങൾ.
മനുഷ്യരെ കൃത്രിമമായി ഏകീകരിക്കാനുള്ള പടപ്പുറപ്പാട് സൗദ്യ അറേബ്യയിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ചെറുത്ത് തോൽപ്പിക്കപ്പെടണം. 
മുസ്ലിം സമുദായത്തോട് ഒരു വാക്ക്: “ആവശ്യമുള്ളിടത്ത് ശാഠ്യങ്ങൾ നല്ലതാണ്. പക്ഷെ അനാവശ്യമായ ദുശ്ശാഠ്യങ്ങൾ ഒഴിവാക്കപ്പെടുക തന്നെ വേണം. അത്തരം സന്ദർഭങ്ങൾക്കായി കഴുകൻമാർ അപ്പുറത്ത് കാത്തിരിപ്പുണ്ട്. അവർക്ക് ഇരയാകാൻ അറിഞ്ഞോ അറിയാതെയോ ഒരു കാരണവശാലും നിന്ന് കൊടുക്കരുത്”.
എല്ലാം കണ്ടിട്ടും കണ്ട ഭാവം  നടിക്കാതെ കടന്ന് പോകാനുള്ള ചില കുബുദ്ധികളുടെ വെമ്പൽ കള്ളന് കഞ്ഞിവെക്കലാണ്. എല്ലാം കേട്ടിട്ടും കേട്ടില്ലെന്ന് ഭാവിച്ച് ബധിരനെപ്പോലെ നടന്നകലുന്നത് കുറ്റകരമാണ്. സർവ്വതും അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ മൗനത്തിൽ ഓടി ഒളിക്കുന്നത് ഫാഷിസത്തിന് കുട പിടിക്കലാണ്.
ഇത്തരം ബൗദ്ധിക കാപട്യങ്ങൾക്കിടയിലാണ് അഭിരാമി എന്ന കമ്യൂണിസ്റ്റ്കാരി രാജ്യത്തിനാകമാനം മാതൃകയാകുന്നത്.  അഭിരാമിക്ക് ഹൃദയം തൊട്ട അഭിനന്ദനങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker