കോഴിക്കോട്: സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരിച്ചയച്ചു. കേരള പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം എഴുതി നല്‍കിയാണ് തിരിച്ചയച്ചത്. ഇന്റലിജന്‍സ് നിര്‍ദ്ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് കെ സുരേന്ദ്രന്റെ സുരക്ഷക്ക് രണ്ട് ഗണ്‍മാന്മാരെ അനുവദിച്ചത്. സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്പി.ക്ക് ഇന്റലിജന്‍സ് എഡിജിപി നിര്‍ദേശം നല്‍കിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് നിരീക്ഷിച്ചത്.
എക്‌സ് കാറ്റഗറി സുരക്ഷ സുരേന്ദ്രന് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി ഉത്തരവ് കൈമാറിയിരുന്നത്. എന്നാല്‍ സംസ്ഥാന പോലീസിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.