കണ്ണൂര്‍: കൂത്തുപറമ്പ് മന്‍സൂര്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കെ. സുധാകരന്‍ എം.പി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയില്‍ സിപിഐഎം നേതാക്കളുടെ വിശ്വസ്തനാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും സുധാകരന്‍ പറഞ്ഞു.
ശുഹൈബിനെ കൊന്ന രീതിയിലാണ് കൂത്തുപറമ്പിലെ കൊലപാതകം നടന്നത്. രണ്ട് കൊലപാതകത്തിനും സാമ്യമുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കൊലപാതകമാണ് നടന്നത്. നിരപരാധികളായ ആളുകളെ കൊല്ലുന്നവര്‍ക്ക് പ്രത്യേകിച്ച് ഒന്നുമില്ല. പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. കേസില്‍ യുഎപിഎ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
സിപിഐഎം എത്രകാലം ഈ അക്രമം തുടരും? എം.വി ജയരാജന്റേയും കോടിയേരി ബാലകൃഷ്ണന്റേയുമെല്ലാം പ്രതികരണം അറിഞ്ഞപ്പോള്‍ ചിരിയാണ് വന്നത്. ഇതുപോലെ പാഴായിപ്പോയ ജന്മങ്ങള്‍ വേറെുണ്ടോ എന്നും കെ. സുധാകരന്‍ ചോദിച്ചു.
മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന.
വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണംം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്തെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങള്‍ പൊലീസ് കണ്ടെത്തി. കേസില്‍ ആകെ 25 പ്രതികളാണുള്ളത്. ഇതില്‍ പതിനൊന്ന് പേര്‍ കൊലപാതകത്തില്‍ നേരിട്ടും ബാക്കി പതിനാല് പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണെന്നാണ് വിവരം.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.