KeralaNewsPolitics

അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്നവർ പാർട്ടി ശത്രുക്കൾ,സംഘടനാശേഷി മാത്രം പരിഗണിച്ച് പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറി- ഡി.സി.സി. പുനഃസംഘടനയില്‍ സുധാകരന്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്ന വിഷയത്തിൽ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. നാടിന്റെ നന്മ ലക്ഷ്യമാക്കി കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര- സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണെന്നും സമുന്നതരായ നേതാക്കൾ ദിവസങ്ങളോളം കൂടിയാലോചിച്ച് സംഘടനാ ശേഷി മാത്രം പരിഗണിച്ച് മികച്ചൊരു പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഈ പാർട്ടിയെ ചലനാത്മകമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുടെ കൊള്ളകളെ തുറന്നു കാണിക്കാൻ തക്ക സംഘാടക ശേഷിയുള്ള നേതാക്കളെ ഡി.സി.സി. പ്രസിഡന്റുമാരായി പാർട്ടിക്ക് നൽകാനാണ് തീരുമാനങ്ങളെടുക്കാൻ ഇത്രയധികം സമയം സംസ്ഥാന നേതൃത്വം വിനിയോഗിച്ചത്.

തങ്ങൾക്കിഷ്ടമില്ലാത്തവർ നേതൃത്വത്തിലെത്തിയാൽ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ നമ്മുടെ പ്രസ്ഥാനത്തിന്റെ ബന്ധുക്കളല്ല, ശത്രുക്കൾ തന്നെയാണ്. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവർത്തകർക്ക് ചേർന്നതല്ല എന്നും സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു. കോൺഗ്രസിന്റെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവർ അത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ എന്ന നിലയിൽ താക്കീത് ചെയ്യുന്നു- എന്നും സുധാകരൻ കുറിപ്പിൽ പറയുന്നു.

കെ. സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരോട്…
DCC പുന:സംഘടനയുമായി മാധ്യമങ്ങളിൽ വരുന്ന ഊഹാപോഹങ്ങൾ ശ്രദ്ധയിൽ പെട്ടു. എല്ലാക്കാലത്തും കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും അകാരണമായി വേട്ടയാടിയിട്ടുള്ള മാധ്യമങ്ങളുടെയും ചില സ്ഥാപിത താത്പര്യക്കാരുടെയും കുപ്രചരണങ്ങളിൽ എന്റെ സഹപ്രവർത്തകരും കോൺഗ്രസ് അനുഭാവികളും വീണു പോകരുത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന യാഥാർത്ഥ്യം മറച്ചു വെയ്ക്കുന്നില്ല. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. എപ്പോഴൊക്കെ കോൺഗ്രസ് തളർന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ രാജ്യം കിതച്ചിട്ടുണ്ട്, തകർന്നടിഞ്ഞിട്ടുണ്ട്. ഈ നാടും രാജ്യവും മുന്നോട്ട് കുതിക്കണമെങ്കിൽ കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിന്റെ ആവശ്യം ഓരോ കോൺഗ്രസ്കാരനും തിരിച്ചറിയണം.

അത്തരത്തിൽ നാടിന്റെ നന്മ ലക്ഷ്യമാക്കി കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണ്. സമുന്നതരായ നേതാക്കൾ ദിവസങ്ങളോളം കൂടിയാലോചിച്ച്, സംഘടനാ ശേഷി മാത്രം പരിഗണിച്ച് മികച്ചൊരു പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്.
എന്നാൽ മാധ്യമ ലോകത്തിലെ CPM സഹയാത്രികരും കോൺഗ്രസ് നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ചിലരും ഒന്നുചേർന്ന് വ്യാജ വാർത്തകൾ ചമച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതകൾ മറച്ചു പിടിക്കാനാണ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലേയ്ക്കുള്ള അനാവശ്യ കടന്നുകയറ്റം എന്ന് ഓരോ പാർട്ടി പ്രവർത്തകനും തിരിച്ചറിയണം.

മാധ്യമങ്ങളുടെ പരിലാളനയും താരാട്ടുപാട്ടുകളും കേട്ടല്ല കേരളത്തിൽ കോൺഗ്രസും കോൺഗ്രസിന്റെ ജനകീയ നേതാക്കളും വളർന്നത്.
ഈ പാർട്ടിയെ ചലനാത്മകമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുടെ കൊള്ളകളെ തുറന്നു കാണിക്കാൻ തക്ക സംഘാടക ശേഷിയുള്ള നേതാക്കളെ DCC പ്രസിഡന്റുമാരായി പാർട്ടിക്ക് നൽകാനാണ് തീരുമാനങ്ങളെടുക്കാൻ ഇത്രയധികം സമയം സംസ്ഥാന നേതൃത്വം വിനിയോഗിച്ചത്.

തങ്ങൾക്കിഷ്ടമില്ലാത്തവർ നേതൃത്വത്തിലെത്തിയാൽ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ നമ്മുടെ പ്രസ്ഥാനത്തിന്റെ ബന്ധുക്കളല്ല, ശത്രുക്കൾ തന്നെയാണ്. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവർത്തകർക്ക് ചേർന്നതല്ല എന്നും സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു. കോൺഗ്രസിന്റെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവർ അത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് KPCC അധ്യക്ഷൻ എന്ന നിലയിൽ താക്കീത് ചെയ്യുന്നു.

നമുക്കൊരു പാട് ദൂരം മുന്നിലേയ്ക്ക് സഞ്ചരിക്കാനുണ്ട്. ഈ നാടിന്റെ പ്രതീക്ഷ മുഴുവൻ നെഞ്ചിലേറ്റി നിങ്ങളോരോരുത്തരും മുന്നിലേയ്ക്ക് കുതിക്കണം. പുതിയതായി വരുന്ന DCC നേതൃത്വത്തിനൊപ്പം നിന്ന് ഈ മാഫിയ സർക്കാരിനെതിരെ നമുക്ക് കൈമെയ് മറന്ന് പൊരുതണം. പ്രസ്ഥാനം മുന്നിലേയ്ക്ക് കുതിക്കാനൊരുങ്ങുമ്പോൾ പ്രതിബന്ധമായി നിൽക്കുന്ന സ്വാർത്ഥ താത്പര്യക്കാരെയും ശത്രുക്കളെയും അകറ്റി നിർത്തി ഈ നാടിനെ പിണറായി വിജയന്റെയും മോദിയുടെയും ദുരന്ത ഭരണത്തിൽ നിന്നും മോചിപ്പിക്കാനായി നാമോരോരുത്തരും പ്രവർത്തിക്കണം. ഏതെങ്കിലും ഒരു നേതാവല്ല ഈ പാർട്ടി. നിങ്ങളും നമ്മളും ഒക്കെ ചേരുന്ന മഹാപ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

കേരളത്തെ ദുരിതക്കയത്തിലേയ്ക്ക് തള്ളിയിട്ട പിണറായി വിജയൻ – RSS സഖ്യത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ എത്രയും പെട്ടെന്ന് തന്നെ DCC -കൾ പ്രവർത്തനസജ്ജമാകേണ്ടതുണ്ട്.ഹൈക്കമാൻഡ് അന്തിമ പട്ടിക പ്രഖ്യാപിച്ചാലുടൻ തന്നെ കൂടുതൽ ഊർജ്ജത്തോടെ ഈ ജനവിരുദ്ധ ഭരണകൂടങ്ങളെ പിടിച്ചുലയ്ക്കുന്ന പ്രതിഷേധങ്ങളുമായി, നാടിന്റെ ശബ്ദമായി മാറാൻ ഓരോ പ്രവർത്തകനും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker