KeralaNewsPolitics

‘സുധാകരന്റെ ആഡംബര വീട്’; ചിലവ് 4 കോടിയെന്ന് സി.പി.എം, പണം എവിടുന്ന്?ചരിത്രം പറഞ്ഞ് ന്യായീകരണം

കോഴിക്കോട്: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെയാണ് പിരിവ് നടത്തി പണംതട്ടിയെന്ന ആരോപണവും കെ സുധാകരനെതിരെ ഉയരുന്നത്. മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് കെപിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇതോടെ കെ സുധാകരന്റേയും ഭാര്യ സ്മൃതിയുടേയും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഒരു വശത്ത് കെ സുധാകരനെതിരായ അന്വേഷണം വിജിലന്‍സ് ശക്തമാക്കുമ്പോള്‍ മറുവശത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വലിയ പ്രചരണവും ആരോപണവും ഇടത് സൈബർ കേന്ദ്രങ്ങളില്‍ നിന്നും ഉയർന്നുണ്ട്. പ്രധാനമായും കണ്ണൂരിലെ ആലിങ്കീഴിലുള്ള സുധാകരന്റെ വീട് സംബന്ധിച്ചാണ് ഇടത് കേന്ദ്രങ്ങളുടെ ആരോപണം. 12,247 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് നിർമ്മിച്ചെങ്കില്‍ അതിന് വേണ്ടി ചിലവഴിച്ച പണത്തിന്റെ സ്രോതസ് കെ സുധാകരന്‍ വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കണ്ണൂർ കോർപ്പറേഷൻ എടക്കാട്‌ സോണലിൽ നടാൽ ആലിങ്കീഴിലാണ്‌ സുധാകരന്റെ വീട് സ്ഥിതി ചെയ്യുന്നത്. ജിം സൗകര്യങ്ങള്‍ ഉള്‍പ്പടേയുള്ള വീടിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ഉള്‍പ്പടേയുള്ള മാധ്യമങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ കോർപ്പറേഷനിൽനിന്ന്‌ അനുമതിപോലും വാങ്ങാതെ നിർമിച്ച വീടിന്‌ നിയമപരമായ നടപടിക്രമം പൂർത്തിയാക്കിയത്‌ 2021 ജൂലൈയിലാണെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്.

‘പന്ത്രണ്ടായിരം ചതുരശ്ര അടിയിലേറെ വലുപ്പമുള്ള മഹാസൗധം. കോർപ്പറേഷനിലും റവന്യൂവകുപ്പിലും നൽകിയ കണക്കിൽ ഈ വീടിനുപുറമെ, 200 ചതുരശ്രയടിയിലേറെ വലുപ്പമുള്ള രണ്ട്‌ ഔട്ട്‌ഹൗസുമുണ്ട്‌.’ ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. നിർമാണച്ചെലവ്‌ ചതുരശ്രയടിക്ക്‌ 2,000 രൂപ വീതം കണക്കാക്കിയാൽപോലും രണ്ടരക്കോടിയിലേറെവരും. എന്നാല്‍ വിലകൂടിയ മാർബിളും തേക്ക്‌ ഉൾപ്പെടെയുള്ള തടികളും ഉപയോഗിച്ചതിനാല്‍ ഇത്തരം വീട്‌ നിർമിക്കാൻ ചതുരശ്രയടിക്ക്‌ 3,000 രൂപയെങ്കിലും വേണ്ടിവരുമെന്ന്‌ നിർമാണമേഖലയിലെ വിദഗ്‌ധർ പറയുന്നതായും ദേശാഭിമാനി റിപ്പോർട്ടിലുണ്ട്.

വീടിനകത്തെ അലങ്കാരങ്ങളും ഫർണിച്ചറും ഔട്ട്‌ ഹൗസുകളുടെയും ചെലവുകൂടി കണക്കാക്കിയാൽ നിർമ്മാണച്ചിലവ് നാലുകോടി കടക്കും. ആഡംബരനികുതി ഉൾപ്പെടെ വീടിന്‌ പ്രതിവർഷം ഇരുപതിനായിരം രൂപയിലേറെ അടയ്‌ക്കുന്നുണ്ട്. കുമ്പക്കുടി സുധാകരൻ, അജിത്‌കുമാർ എന്നിവരുടെ പേരിലാണ്‌ ഭൂമിയും വീടും സ്ഥിതി ചെയ്യുന്നത്. സുധാകരന്റെ അടുത്ത ബന്ധുവാണ്‌ അജിത്‌കുമാറെന്നും ദേശാഭിമാനി വാർത്ത അവകാശപ്പെടുന്നു.

എംപിയുടെ ശമ്പളം മാത്രമാണ്‌ തന്റെ വ്യക്തിഗത വരുമാനമെന്ന് വീട് നിർമ്മാണ വേളയില്‍ കെ സുധാകരന്‍ ഒരു ദൃശ്യമാധ്യമത്തോടെ പറഞ്ഞിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷനെതിരെ ഇവർ അക്രമം ശക്തമാക്കുന്നത്. എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപികയായിരുന്ന ഭാര്യയുടെ വരുമാനംകൂടി കണക്കാക്കിയാലും ഇങ്ങനെയൊരു വീട് നിർമ്മിക്കാനുള്ള തുക കണ്ടെത്താനാവില്ലെന്ന് ഇടത് കേന്ദ്രങ്ങളും ദേശാഭിമാനിയും അവകാശപ്പെടുന്നു.

 k-sudhakaran-house

വീടിന്റെ ഗൃഹപ്രവേശന സമയത്ത് ഏതോ ഒരു വ്യക്തി എടുത്ത വീഡിയോയും ഇടത് സൈബർ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ കെ സുധാകരന് പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് അണികളും മുന്നോട്ട് വന്നു. സിപിഎം നേതാക്കള്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇടത് കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ഭാര്യയുടെ പേരിലുള്ള സ്വത്തു വിറ്റുകിട്ടിയ പണവും മറ്റു വായ്പകളും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചതെന്നും കോണ്‍ഗ്രസ് അനുകൂലികള്‍ അവകാശപ്പെടുന്നു.

‘1942 ൽ അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് അഞ്ചുവർഷം മുമ്പ് കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വന്തമായി കൽക്കരി ബസ് ഉണ്ടായിരുന്ന ആളാണ് കെ സുധാകരന്റെ പിതാവ്. അക്കാലത്ത് വിദേശത്തേക്കുള്‍പ്പെട വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന മില്ലുകളുടെ ഉടമയായിരുന്നു ആ സമ്പന്ന വ്യവസായി. അമ്മയുടെ കുടുംബത്തിന് സമാനമായ രീതിയില്‍ സമ്പത്തുണ്ടായിരുന്നു.’- എന്നാണ് കെ സുധാകരനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന കുറിപ്പിന്റെ പ്രധാന ഭാഗം.

ഏക്കർ കണക്കിന് നെൽവയലുകളും ഭൂപ്രദേശങ്ങളും കുടുംബത്തിനുണ്ട്. ആ കാലത്ത് തന്നെ 18 മുറികളോട് കൂടിയ തറവാട് വീടും സുധാകരനുണ്ടായിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയതോടെ ഈ സ്വത്തില്‍ നിന്നെല്ലാം അങ്ങോട്ട് എടുക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ഒന്നും ഇങ്ങോട്ട് എടുത്തിട്ടില്ലെന്നും സുധാകരന്‍ അനുകൂലികള്‍ അവകാശപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker