KeralaNews

കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി; പച്ചക്കള്ളങ്ങളും വര്‍ഗീയതയും കുത്തിനിറച്ചതാണ് ഓര്‍ഗനൈസര്‍ ലേഖനമെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: വഖഫ് ബില്‍ പാസാക്കി മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിച്ച ലേഖന പ്രകാരം കത്തോലിക്കാ സഭയുടെ പക്കല്‍ 20,000 കോടി രൂപയുടെ സ്വത്തും 17.29 കോടി ഏക്കര്‍ ഭൂമിയും ഉണ്ട്. സംശയാസ്പദമായ രീതിയിലാണ് സഭയ്ക്ക് ഇത്രയധികം സ്വത്ത് ലഭിച്ചത്. ബ്രിട്ടീഷ് ഗവണ്മന്റ് നല്കിയ ഭൂമി സഭയുടെതല്ലെന്ന് സര്‍ക്കുലര്‍ ഉണ്ടെങ്കിലും തൃപ്തികരമായ രീതിയില്‍ അവ പിടിച്ചെടുക്കാനിയില്ല. ഭൂമിയുടെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ആര്‍എസ്എസ് മുഖപത്രം പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഗവ. ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രകാരം സഭയ്ക്ക് 2457 ആശുപത്രികളും 240 മെഡിക്കല്‍ കോളജുകളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സര്‍ക്കാരിതര ഏജന്‍സിയാണ് സഭ. മതപരിവര്‍ത്തനത്തിനാണ് ഇത് ദുരുപയോഗം ചെയ്യുന്നത്. ഗോത്രവര്‍ഗക്കാരുടെ ഭൂമി സഭയ്ക്ക് കൈമാറിയ നിരവധി കേസുകള്‍ പുറത്തുവന്നിട്ടുണ്ട്. വഖഫ് ഭൂമിയേക്കാള്‍ കൂടുതലാണ് സഭയുടെ ആസ്തി. ‘ആര്‍ക്കാണ് കൂടുതല്‍ ഭൂമി, പള്ളിക്കോ വഖഫ് ബോര്‍ഡിനോ’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

മുസ്ലീംകള്‍ക്കു പിന്നാലെ സഭയെ വേട്ടയാടുന്നതിന് നാന്ദിയായുള്ള കളമൊരുക്കുകയാണിപ്പോള്‍. പച്ചക്കള്ളങ്ങളും വര്‍ഗീയതയും കുത്തിനിറച്ചതാണ് ലേഖനം. വഖഫ് ബില്ലില്‍ പ്രതിഷേധിച്ച് ബെന്നി ബെഹനാന്‍ എംപി രാജിവച്ചെന്ന് അദ്ദേഹത്തിന്റെ ഫോട്ടോ വച്ച് കള്ളപ്രചാരണം നടത്തുന്ന പ്രസിദ്ധീകരണമാണ് ഓര്‍ഗനൈസര്‍.

ക്രിസ്ത്യാനികളും മുസ്ലീംകളും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ആര്‍എസ്എസ് മുഖ്യനായിരുന്ന മാധവ് ഗോള്‍വാക്കര്‍ 1966ല്‍ ബഞ്ച് ഓഫ് തോട്ട്സ് എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് യാഥാര്‍ത്ഥ്യമാക്കുന്നു എന്നതിന്റെ സൂചനകളാണ് ലേഖനത്തില്‍ ഉള്ളതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker