കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള വഴിയാണ് കെ-റെയിൽ :എം. മുകുന്ദൻ
മയ്യഴി: കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള വഴിയാണ് കെ-റെയിൽ എന്ന് എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. ജില്ലാ അതിർത്തിയായ മയ്യഴി പൂഴിത്തലയിൽ ഡി.വൈ.എഫ്.ഐ. മനുഷ്യച്ചങ്ങലയുടെ അവസാനകണ്ണിയായി പങ്കെടുത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ റെയിൽപ്പാതകൾ ഉപയോഗിച്ച് ഒരിക്കലും വേഗമുള്ള ട്രെയിനുകൾ പ്രാവർത്തികമല്ല. വന്ദേഭാരത് വന്നാലും സാധ്യമല്ല. നമ്മുടെ റെയിലുകൾ അതിന് സജ്ജമല്ല- മുകുന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നത് വാസ്തവമാണെന്നും നമ്മൾ ഈ അവഗണന അനുഭവിക്കുകയാണെന്നും എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലും നമ്മൾ കുതിപ്പ് നടത്തിയിട്ടുണ്ട്. ഏതാനും വർഷങ്ങളിൽ അസൂയാവഹമായ കുതിപ്പാണ് നമ്മളും സർക്കാരും നടത്തുന്നത്.
പലപ്പോഴും തോന്നിയിട്ടുള്ളത് നമ്മുടെ കുതിപ്പ് തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ്. കേന്ദ്രം തടസ്സപ്പെടുത്തുന്ന പദ്ധതികൾ ഓരോന്നായി പരിശോധിച്ചാൽ നമുക്ക് അത് മനസ്സിലാകും. കേരളം മുന്നോട്ടുപോകുന്നത് തടയുന്നതിനെതിരേയുള്ള പ്രതിഷേധ ഇരമ്പലാണ് ഡി.വൈ.എഫ്.ഐ. മനുഷ്യച്ചങ്ങലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സംസ്‌ഥാനവ്യാപകമായി മനുഷ്യച്ചങ്ങല തീര്‍ത്ത് ഡി.വൈ.എഫ്.ഐ. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനു മുന്നില്‍നിന്ന് തിരുവനന്തപുരം രാജ്‌ഭവന്‍ വരെയാണു മനുഷ്യച്ചങ്ങല തീര്‍ത്തത്. സ്‌ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ചങ്ങലയില്‍ അണിനിരന്നു.
രാജ്‌ഭവനു മുന്നില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു.
ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റ് എ.എ. റഹിം എം.പിയാണ് മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായത്. ഡി.വൈ.എഫ്.ഐയുടെ ആദ്യ പ്രസിഡന്റും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജന്‍ രാജ്‌ഭവനു മുന്നില്‍ അവസാന കണ്ണിയായി. 2023 ല്‍ സംസ്‌ഥാനത്തിനു കേന്ദ്രത്തില്‍നിന്നു കിട്ടേണ്ടിയിരുന്ന 64000 കോടി രൂപയുടെ സഹായം കിട്ടിയിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്രം സഹായിക്കാത്തതിനാല്‍ ഏഴര വര്‍ഷത്തിനിടെ 1.70 ലക്ഷം കോടി രൂപയുടെ നഷ്‌ടം സംസ്‌ഥാനത്തിനുണ്ടായി. വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള നിശ്‌ചയദാര്‍ഢ്യം സംസ്‌ഥാന സര്‍ക്കാരിനുണ്ടായിട്ടും അതിനെ തകര്‍ക്കുന്ന നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നത്. ബി.ജെ.പി. ഇതര സംസ്‌ഥാനങ്ങളെയെല്ലാം ബാധിക്കുന്നതാണു കേന്ദ്ര സാമ്പത്തിക നയം.
രാമക്ഷേത്രത്തിന്റെ മറവില്‍ ജനകീയപ്രശ്‌നങ്ങള്‍ മറച്ച്, ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ച്, ഹിന്ദുരാഷ്‌ട്രം പ്രഖ്യാപിക്കാനാണു ബി.ജെ.പിയൂടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരേ നടക്കുന്ന സമരത്തില്‍ പങ്കെടുക്കേണ്ടെന്നാണു യു.ഡി.എഫ്. തീരുമാനം. ജനകീയപ്രശ്‌നത്തിനു പരിഹാരം കാണാനായി നടക്കുന്ന സമരത്തില്‍ രാഷ്‌ട്രീയം പറഞ്ഞ് അവര്‍ മാറിനില്‍ക്കുകയാണ്. കേന്ദ്രസമീപനത്തെ ചെറുക്കാന്‍പോലും യു.ഡി.എഫിന് രാഷ്‌ട്രീയം പ്രശ്‌നമാണ്.
ഭരണഘടന മനുസ്‌മൃതിയെ അടിസ്‌ഥാനമാക്കി വേണമെന്നാണു ബി.ജെ.പിയുടെ ആഗ്രഹമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകള്‍ വീണയും തലസ്‌ഥാനത്ത് മനുഷ്യച്ചങ്ങലയില്‍ കണ്ണിയായി. തൃശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ കവി കെ. സച്ചിദാനന്ദന്‍, പ്രിയനന്ദന്‍, കരിവള്ളൂര്‍ മുരളി, സി.എസ്. ചന്ദ്രിക എന്നിവരും കോഴിക്കോട് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, ടി.പി. രാമകൃഷ്‌ണന്‍ എം.എല്‍.എ, കാനത്തില്‍ ജമീല, എഴുത്തുകാരന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, കെ.പി. രാമനുണ്ണി, നടന്‍ ഇര്‍ഷാദ് എന്നിവരും മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നു.
റെയില്‍വേ യാത്രാദുരിതം, സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണു ഡി.വൈ.എഫ്.ഐ. മനുഷ്യച്ചങ്ങല തീര്‍ത്തത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണു മനുഷ്യച്ചങ്ങല തീര്‍ത്തത്. വയനാട്ടില്‍ കല്‍പറ്റ മുതല്‍ മുട്ടില്‍ വരെ 10 കിലോമീറ്റര്‍ ഉപചങ്ങലയും തീര്‍ത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവര്‍ത്തകര്‍ സമീപജില്ലകളിലെ ചങ്ങലയില്‍ പങ്കാളികളായി.