കോട്ടയം: എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ തനിക്ക് ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന് വാര്‍ത്തയോട് പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ തന്നെയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വാര്‍ത്ത വന്നതായി ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് പറഞ്ഞാണ് അറിയുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മീര വ്യക്തമാക്കി.
വിവരം അറിഞ്ഞ ഉടനെ താന്‍ വൈസ് ചാന്‍സലറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിങ്ങളെ ഉള്‍പ്പെടുത്തുന്നത് ഒരു ബഹുമതിയായി കണക്കാക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നും മീര കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു ഞാന്‍ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.’
കെ.ആര്‍ മീരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എഴുതി ജീവിക്കാന്‍ തീരുമാനിച്ച നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് എന്റെ നിഷ്‌കര്‍ഷ. ഇടതു- വലതു വ്യത്യാസമില്ലാതെ പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ക്ഷണം കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ, ഒരു രാഷ്ട്രീയ നിയമനവും ആനുകൂല്യവും സ്വീകരിച്ചിട്ടില്ല. ഭാവിയിലും അതു സ്വീകരിക്കുകയില്ല.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ ഗസ്റ്റ് സ്പീക്കര്‍ ആയി പ്രഭാഷണവും പേപ്പറും അവതരിപ്പിച്ചു മടങ്ങിയെത്തി അധികദിവസം കഴിയുന്നതിനു മുമ്ബായിരുന്നു കോട്ടയത്ത് സംവിധായകന്‍ ജോഷി മാത്യുവിന്റെ നിര്‍ബന്ധത്താല്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായത്. എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അതില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും.
രണ്ടു ദിവസം കഴിഞ്ഞു സര്‍വകലാശാലയില്‍നിന്ന് വിസിയുടെ നിര്‍ദേശപ്രകാരം വിളിക്കുന്നു എന്നു പറഞ്ഞ് എന്നെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്റെ പേരു കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം അനുവാദം ചോദിച്ചു. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അധ്യാപകര്‍ അല്ലാതെയുള്ള അംഗങ്ങളും ഉണ്ടാകാറുണ്ടെന്നും പ്രശസ്തരായ എഴുത്തുകാരെയും കലാകാരന്‍മാരെയും ഉള്‍പ്പെടുത്താറുണ്ടെന്നും അതിനു ചട്ടമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
2017ല്‍ അമേരിക്കയിലെ ഐവി ലീഗ് യൂണിവേഴ്‌സിറ്റി ആയ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ വിസിറ്റിങ് ഫെലോയും അവിടുത്തെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് ഇന്ത്യയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക സെമിനാറില്‍ ജെന്‍ഡര്‍ പാനലിന്റെ കീ നോട്ട് സ്പീക്കറും ആയിരുന്ന എനിക്ക് കോവിഡ് മഹാമാരി പടര്‍ന്നില്ലായിരുന്നില്ലെങ്കില്‍ മറ്റൊരു വിദേശ യൂണിവേഴ്‌സിറ്റിയുടെ ഫെലോഷിപ്പിന്റെ പരിഗണനയുണ്ടായിരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ടാകാനിടയില്ല എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ മീറ്റിങ്ങുകളില്‍ നേരിട്ടു പങ്കെടുക്കേണ്ടതില്ലെന്ന് വിളിച്ചയാള്‍ ഉറപ്പു നല്‍കി.
അതിനുശേഷം ഇത് എഴുതുന്നതുവരെ എം.ജി. യൂണിവേഴ്‌സിറ്റിയിലോ മറ്റെവിടെങ്കിലും നിന്നോ ഇതു സംബന്ധിച്ച് എനിക്ക് ഇമെയിലോ ഫോണ്‍ കോളോ കത്തോ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് ഇതിനെ കുറിച്ചു വ്യക്തമായ ഒരു അറിവുമില്ല.
ആ സ്ഥിതിക്ക്, അഥവാ എന്റെ പേരു നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ഏതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെങ്കില്‍, ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ഞാന്‍ അംഗമാകുന്ന പ്രശ്‌നവുമില്ല.
സ്‌കൂള്‍ വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയില്‍ എന്റെ പേര് ഉള്‍പ്പെടുത്തിയ കത്തു കിട്ടിയപ്പോള്‍ ഞാന്‍ അതിന്റെ ഡയറക്ടറോട് വാക്കാലും കത്തു വഴിയും എന്നെ ഒഴിവാക്കണമെന്ന് വിനയപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നു. നാളിതു വരെ ഒരു മീറ്റിങ്ങിലും ഞാന്‍ പങ്കെടുത്തിട്ടില്ല, അതിന്റെ പേരില്‍ ഒരു പൈസപോലും കൈപ്പറ്റിയിട്ടുമില്ല.
യുജിസിക്കു കീഴിലുള്ള ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയില്‍നിന്നു കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെയുള്ള ഒരു മാസ്റ്റര്‍ ബിരുദം മാത്രമേ എനിക്കുള്ളൂ. പക്ഷേ, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലും അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയിലും ഇന്ത്യയില്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റീസിലും അപാര്‍ട്ട്‌മെന്റും ഓഫിസ് മുറിയും യാത്രച്ചെലവും ഒക്കെ സഹിതം ഫെലോഷിപ് ലഭിച്ചിട്ടുള്ള പശ്ചാത്തലത്തിലും ഇന്ത്യയ്ക്ക് അകത്തും പുറത്തും പല യൂണിവേഴ്‌സിറ്റികളിലും എന്റെ കഥകളെയും നോവലുകളെയും കുറിച്ച് ഗവേഷണം നടക്കുന്നതിനാലും ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയ മാനം കല്‍പ്പിച്ചില്ല എന്നതാണ് എനിക്കു സംഭവിച്ച അബദ്ധം.
തൃശൂര്‍ കറന്റ് ബുക്‌സ് ഉടനെ പുറത്തിറക്കുന്ന ‘ഘാതകന്റെ’യും മനോരമ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ‘ഖബര്‍’ എന്ന ലഘുനോവലിന്റെയും അതിനിടയില്‍ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയുടെ’ പെന്‍ഗ്വിന്‍ പുറത്തിറക്കുന്ന പരിഭാഷയുടെയും തിരക്കില്‍, എഴുത്തിന്റെ മാനസികസംഘര്‍ഷം മൂലം ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നത് എന്റെ ഓര്‍മ്മയുടെ ഏഴലയത്തുപോലും ഉണ്ടായിരുന്നില്ലെന്നതാണു വാസ്തവം.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്നെയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വാര്‍ത്ത വന്നതായി ഒരു പത്രപ്രവര്‍ത്തക സുഹൃത്താണ് അറിയിച്ചത്. അപ്പോള്‍ത്തന്നെ ഞാന്‍ വൈസ് ചാന്‍സലറെ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. ‘ഐ കണ്‍സിഡര്‍ ഇറ്റ് ആന്‍ ഓണര്‍ ടു ഹാവ് യൂ ഇന്‍ അവര്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ്’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു ഞാന്‍ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.
വൈസ് ചാന്‍സലര്‍ക്ക് ഇതു സംബന്ധിച്ച് ഇമെയില്‍ അയച്ചു കഴിഞ്ഞു.
ഇതു സംബന്ധിച്ച് ഇനിയൊരു പ്രതികരണം ഇല്ല.
ഡിസി ബുക്‌സ് ഈ വര്‍ഷം അവസാനത്തോടെ പ്രസിദ്ധീകരിക്കുന്ന ‘കമ്യൂണിസ്റ്റ് അമ്മൂമ്മ’ എന്ന നോവലിന്റെ രചനയുടെ തിരക്കുകള്‍ മൂലം വിവാദങ്ങള്‍ക്ക് സമയമില്ലാത്തതു കൊണ്ടാണ്.