കോഴിക്കോട്: ശശി തരൂർ പാർട്ടിയുടെ അവിഭാജ്യഘടകമാണെന്നും തരൂരിന്റെ പ്രവർത്തനം കോൺഗ്രസിനു ശക്തി പകരുമെന്നും കെ.മുരളീധരൻ എംപി. തരൂർ പ്രധാന നേതാവാണെന്നും കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കാനിരുന്ന സെമിനാർ മുതിർന്ന നേതാക്കളുടെ സമ്മർദത്തിനു പിന്നാലെ മാറ്റിയെന്ന ആരോപണത്തിനു പിന്നാലെ കോഴിക്കോട് ഡിസിസിയിൽ വാർത്താസമ്മേളനം വിളിച്ചാണ് തരൂരിന് കെ. മുരളീധരൻ പിന്തുണ പ്രഖ്യാപിച്ചത്. തരൂരിന്റെ പരിപാടിയിൽ ആർക്കും പങ്കെടുക്കാമെന്നും അതിൽ നടപടി വേണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു. പലരും പാരവയ്ക്കാൻ നോക്കും അത് കാര്യമാക്കേണ്ടെന്നും കെ. മുരളീധരൻ കോഴിക്കോട് പറഞ്ഞു.
ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ കഴിഞ്ഞ ദിവസം മുരളീധരൻ സ്വാഗതം ചെയ്‌തിരുന്നു. അതിനു അദ്ദേഹത്തിന് യോഗ്യത ഉണ്ടെന്നും അധ്യക്ഷ പദവിയിലേക്കു മത്സരിച്ചതിനോടു മാത്രമാണു തനിക്കു വിയോജിപ്പ് ഉണ്ടായിരുന്നതെന്നും മുരളീധരൻ പറഞ്ഞിരുന്നു.
വി.ഡി.സതീശനും കെ.സുധാകരനുമൊപ്പം ശശി തരൂരും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകട്ടെയെന്നും മുരളീധരൻ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ യോജിച്ചയാൾ മല്ലികാർജുൻ ഖർഗെയാണെന്നും തരൂരിനു സാധാരണക്കാരുമായുള്ള ബന്ധം അൽപ്പം കുറവാണെന്ന മുരളീധരന്റെ പ്രസ്‌താവന നേരത്തെ വിവാദമായിരുന്നു.
കെ.പി. കേശവമേനോൻ ഹാളിൽ ‘സംഘ് പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി’ എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചിരുന്നത്. എം.കെ. രാഘവൻ എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ വൈകുന്നേരത്തോടെ പരിപാടി മാറ്റുന്നതായി അറിയിപ്പ് ലഭിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തരൂരിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച സംസ്ഥാനത്തെ ഉന്നത നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് പരിപാടി മാറ്റിയതെന്നും തരൂരിനെ വെട്ടുന്നതിന്റെ ഭാഗമാണ് സെമിനാർ ഉപേക്ഷിക്കലെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.