ലണ്ടന്‍: കൊവിഡ് കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഒന്നാം സ്ഥാനത്ത്. യു.കെയിലെ പ്രോസ്‌പെക്ട് മാസിക നടത്തിയ വോട്ടെടുപ്പിലാണു കെ.കെ. ശൈലജ ഒന്നാമതെത്തിയത്. ഇന്ത്യയില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാനും മരണനിരക്കു കുറക്കാനും കഴിഞ്ഞതു മന്ത്രിയുടെ ഇടപെടലിലൂടെയാണെന്ന് പ്രോസ്‌പെക്ട് മാസിക പറയുന്നു.
നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ട കാലത്തു മന്ത്രിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനാണ് ചിന്തകരുടെ പട്ടികയില്‍ ശൈലജക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. രാജ്യത്തെ മുന്നോട്ടുനയിക്കുന്ന നേതൃപാടവമാണ് ആര്‍ഡേനെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്.
20,000 പേര്‍ വോട്ട് ചെയ്താണു ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടിക പ്രോസ്‌പെക്ട് മാസിക ഒരുക്കിയത്. ആര്‍കിടെക്ട് മരിയാന തബസും, ചിന്തകന്‍ കോണല്‍ വെസ്റ്റ്, രാഷ്ട്രീയ നിരീക്ഷക ഇലോണ സാബോ കാര്‍വാല, ചരിത്രകാരി ബ്രിസ്റ്റോള്‍ ഒലിവേറ്റ ഒറ്റലേ, ഫിലിപ്പ് വാന്‍ പാരിസ്, റൂത്ത് വില്‍സണ്‍ ഗില്‍മോറെ തുടങ്ങിയവരാണ് പട്ടികയില്‍ പിന്നീടുള്ള സ്ഥാനങ്ങളിലുള്ളത്.