തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ അഴിമതി നടന്നുവെന്നാരോപിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം കൊവിഡിനെ നേരിടാന്‍ ചെലവാക്കിയ ഓരോ രൂപയ്ക്കും കണക്കുണ്ടെന്നും ഓഡിറ്റിന് തയ്യാറാണെന്നും ശൈലജ പറഞ്ഞു. പ്രതിപക്ഷം ദുര്‍ബലമായ ആരോപണം ഉന്നയിക്കുകയാണ്. അഞ്ചാറ് വര്‍ഷം അവര്‍ പിറകോട്ട് പോയോ എന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
‘പി.പി.ഇ കിറ്റുകളും മാസ്‌കും ശേഖരിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികളായ ഡി.ആര്‍.ഡി.ഒ, സിട്ര തുടങ്ങിയ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റോട് കൂടിയേ ശേഖരിക്കാനാകൂ. ശ്രീ എം.കെ മുനീര്‍ പറഞ്ഞത് 300 രൂപയ്ക്ക് പി.പി.ഇ കിറ്റ് കിട്ടും എന്നിട്ട് 1550 രൂപ ചെലവാക്കി എന്നാണ്. അതിന്റെയെല്ലാം കണക്ക് കൃത്യമായി ചോദ്യം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാം.’ 100 രൂപയ്ക്ക് കിട്ടുന്ന പി.പി.ഇ കിറ്റുകള്‍ മാര്‍ക്കറ്റിലുണ്ടെന്നും എന്നാല്‍ ഗുണനിലവാരം നോക്കിയാണ് സര്‍ക്കാര്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി.പി.ഇ കിറ്റ് വാങ്ങാന്‍ തന്നെ 157 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ട്. തുടക്കത്തില്‍ നാല് ലാബുകളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 21 ലാബുകളുണ്ട്. അതിനാവശ്യമായി പി.സി.ആര്‍ മെഷീന്‍, അടക്കമുള്ളവ വാങ്ങിയിട്ടുണ്ട്. ടെസ്റ്റിംഗ് കിറ്റുകള്‍ 220 കോടിയിലേറെ രൂപ ചെലവായിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
‘ഇതിനെല്ലാം വ്യക്തമായ കണക്ക് എല്ലാ ഓഡിറ്റിനും വിധേയമാകാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഒരു അഞ്ച് പൈസയുടെ അഴിമതി നിങ്ങള്‍ക്കാര്‍ക്കും അതില്‍ ഉന്നയിക്കാന്‍ സാധിക്കില്ല. ഇത് പഴയ കാലമല്ല എന്നത് മനസിലാക്കുക’ കൊവിഡ് പോരാട്ടത്തില്‍ കേരളത്തിന്റെ പ്രകടനം ഒട്ടും മോശമല്ലെന്നും മന്ത്രി പറഞ്ഞു.
350 രൂപയ്ക്ക് പി.പി.ഇ കിറ്റ് കിട്ടുമ്പോള്‍ സര്‍ക്കാര്‍ വാങ്ങുന്നത് 1500 രൂപയ്ക്കാണെന്നായിരുന്നു മുനീര്‍ ആരോപിച്ചത്. ഒരു ദിവസം 1500 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങും. പിറ്റേ ദിവസം 300 രൂപയ്ക്ക്. തെളിവുകള്‍ സഹിതമാണ് തന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1999 രൂപയുളള ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 5000 രൂപയ്ക്കാണ് വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.