ആലപ്പുഴ:എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യൂണിയന്‍ സെക്രട്ടറിയും വെള്ളാപ്പള്ളിയുടെ വ്ശ്വസ്തനുമായിരുന്ന കെ.കെ.മഹേശന്‍ അവസാനം എഴുതിയ ആത്മഹത്യാകുറിപ്പ് പുറത്ത്. വെള്ളാപ്പള്ളി നടേശന്റെയും സന്തതസഹചാരി അശോകന്റെയും പേരുള്ള കുറിപ്പാണ് പുറത്തുവന്നത്. ഇവര്‍ക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയന്‍ നേതാക്കന്മാര്‍ക്കായി തന്റെ ജീവിതവും ഹോമിക്കുന്നു എന്ന് കുറിപ്പില്‍ മഹേശന്‍ പറയുന്നു. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കുറിപ്പാണിത് പുറത്തുവന്നിരിയ്ക്കുന്നത്.
കെ കെ മഹേശന്റെ ആത്മഹത്യയില്‍, നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന നിലപാടിലാണ് കുടുംബം. മരണത്തിന് ഇടയാക്കിയ യഥാര്‍ത്ഥ കാരണങ്ങള്‍ക്ക് പകരം മഹേശന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിലാണ് പൊലീസിന് വ്യഗ്രത. മൈക്രോഫിനാന്‍സ് കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചതില്‍ എഡിജിപി തച്ചങ്കരിക്ക് പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.
ആത്മഹത്യകുറിപ്പില്‍ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് നേരത്തെ കുടുംബം ആരോപിക്കുന്നുണ്ട്. പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മഹേശന്റെ മരണത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം തുടങ്ങാനിരിക്കുകയാണ്.
അന്വേഷണം ശരിയായ ദിശയിലാണെന്നാണ് മാരാരിക്കുളം പൊലീസ് പ്രതികരണം. മഹേശന്‍ കത്തുകളില്‍ പറയുന്ന ചേര്‍ത്തല യൂണിയനിലെ ഇടപാടുകളും ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ നിയമനങ്ങളെകുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അതിന് ശേഷം വെള്ളാപ്പള്ളി ഉള്‍പ്പെടെ മറ്റുള്ളരുടെ മൊഴി രേഖപ്പെടുത്തുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.
മഹേശന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.കണിച്ചുകുളങ്ങര,ചേര്‍ത്തല യൂണിയനുകളില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഒരുകോടി 23 ലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകള്‍ ഉണ്ടാക്കി തട്ടാന്‍ ശ്രമിച്ചു. ഇതു പിടിയ്ക്കപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.ഭീഷണിപ്പെടുത്തി സാമ്പത്തിക ക്രമക്കേടില്‍ നിന്നു രക്ഷപ്പെടാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ പിടിയ്ക്കപ്പെടുമെന്നുറപ്പായപ്പോള്‍ ആത്മഹത്യ ചെയ്യപകയായിരുന്നു. 15 കോടി രൂപയുടെ ഉത്തരവാദി മഹേശനാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.