കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല: കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും.
തനിക്ക് ലഭിച്ച ഭാഗ്യമാണ് ഈ സ്ഥാനം എന്ന് കെ ജയരാമന്‍ നമ്പൂതിരി പ്രതികരിച്ചു. ലോകം മൊത്തം ആരാധിക്കുന്ന ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത് വലിയ ഭാഗ്യം തന്നെയാണെന്ന് അദ്ദേഹം കണ്ണൂര്‍ ചൊവ്വയില്‍ പ്രതികരിച്ചു. നേരത്തെയും ശബരിമലയില്‍ മേല്‍ശാന്തിയാകാന്‍ ഇദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. 2006 മുതല്‍ ചൊവ്വയിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം വൈക്കം സ്വദേശിയാണ്.
പന്തളം രാജ കുടുബ അംഗങ്ങളായ കുട്ടികളായ കൃത്തികേശ് വർമ, പൗർണമി ജി വർമ എന്നിവരാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടത്തിയത്. കൃത്തികേശ് വർമ ശബരിമലയിലേക്കും, പൗർണമി ജി വർമ മാളികപുറത്തേക്കും ഉള്ള മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടത്തി. ചൊവ്വാഴ്ച രാലിലെ 8 മണിയോട് കൂടിയായിരുന്നു നറുക്കെടുപ്പ്.
വിവിധ ഘട്ട പരിശോധനകൾക്ക് ശേഷം ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണ് ശബരിമലയിലേയ്ക്കും മാളികപ്പുറത്തേക്കുമായി ഒൻപതു പേരുടെ വീതം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ പേരുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നത്.