NationalNews

ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ സമീപനം: കോണ്‍ഗ്രസ്

ന്യൂഡ‍ൽഹി: ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയതിനെ അപലപിച്ച് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്‍റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. നസീറിന്റെ നിയമനം ജുഡീഷ്യറിക്കു ഭീഷണിയാണെന്നും സിങ്‌വി പറഞ്ഞു.

അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി പറഞ്ഞത് ഓർമിപ്പിച്ചായിരുന്നു സി‌ങ്‌വിയുടെ പ്രസ്താവന. വിരമിക്കുന്നതിന് മുൻപുള്ള വിധിന്യായങ്ങൾക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളുടെ സ്വാധീനമുണ്ടാകുമെന്നും അതു ജുഡീഷ്യറിക്കു ഭീഷണിയാണെന്നുമായിരുന്നു 2013ൽ അരുൺ ജയ്റ്റ്ലി പറഞ്ഞത്.

അയോധ്യക്കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി സയ്യിദ് അബ്ദുൽ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറാക്കി നിയമിച്ചതിനെ സിപിഎം രാജ്യസഭാ അംഗം എ.എ.റഹീമും വിമര്‍ശിച്ചിരുന്നു. അയോധ്യക്കേസിലെ ജഡ്ജിമാരില്‍ ഒരാളായ അബ്ദുള്‍ നാസീറിന് ലഭിച്ചിരിക്കുന്ന ഗവര്‍ണര്‍ പദവി ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല.

കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍ സംഘപരിവാര്‍ അഭിഭാഷക സംഘടനയുടെ ചടങ്ങിലും പങ്കെടുത്ത മുന്‍ ജഡ്ജിയുടെ നിയമനം അപലപനീയമാണ്. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം സയ്യിദ് അബ്ദുല്‍ നസീർ നിരസിക്കണമെന്നും റഹീം സമൂഹമാധ്യമത്തിൽ കുറിച്ചു.

വിരമിക്കലിന് തൊട്ടുപിന്നാലെയാണ് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്. അയോധ്യ ഭൂമി തര്‍ക്കക്കേസും മുത്തലാഖ് കേസും പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അബ്ദുല്‍ നസീര്‍. അയോധ്യയിലെ തര്‍ക്കഭൂമി രാമജന്മഭൂമി ട്രസ്റ്റിന് നല്‍കാന്‍ വിധി പറഞ്ഞ ഭരണഘടനാബെഞ്ചിലെ ഏക മുസ്‍ലിം അംഗവുമായിരുന്നു ഇദ്ദേഹം.

ഏറ്റവുമൊടുവില്‍ നോട്ടുനിരോധനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയശേഷമാണ് സുപ്രീംകോടതിയില്‍നിന്ന് പടിയിറങ്ങിത്. ഇതു മൂന്നാം തവണയാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരെ ഗവര്‍ണറാക്കുന്നത്. നേരത്തെ, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരള ഗവര്‍ണറായും ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്നാട് ഗവര്‍ണറുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button