തോര്‍ത്തുമുണ്ടിന് പോലും നാണം തോന്നിപ്പോകുന്ന നിമിഷം; കവിതയിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യു
തോര്‍ത്തുമുണ്ടിന്റെ സങ്കടം കവിതയാക്കി പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. എല്ലാ രഹസ്യങ്ങളും അറിയാവുന്ന നാണം മറയ്ക്കാന്‍ സഹായിക്കുന്ന തോര്‍ത്തുമുണ്ടിന് പോലും നാണം തോന്നിപ്പോകുന്ന ഒരേയൊരു പ്രവൃത്തിയേ ഉള്ളൂവെന്ന് ജോയ് പരിഹാസ രൂപേണ സര്‍ക്കാരിനെ പരിഹസിച്ച് കുറിക്കുന്നു. ‘നര്‍മ്മബോധമില്ലാത്തവരും കോപ്പിയടിക്കാരുമായവരുടെ തെറി കാപ്സ്യൂള്‍ നിലവാരം അനുസരിച്ചായിരിക്കും അവരെ സാംസ്‌കാരിക വകുപ്പില്‍ നിയമിക്കുക’.എന്നും കവിതയ്ക്ക് അവസാനം അദ്ദേഹം കുറിച്ചു.
കവിത വായിക്കാം:
തോർത്തുമുണ്ടുകൾ
—————————
ജോയ് മാത്യു
നെയ്ത്തുകാരൻ
എന്നെ കണ്ടെത്തിയതിൽപ്പിന്നെ
ഞാനായിരുന്നു മലയാളിയുടെ
നഗ്നതയ്ക്ക് കാവൽ.
ഓരിഴയായും ഈരെഴയായും
ഒരു കോണിൽ
പച്ചയോ ചോപ്പോ നീലയോ കൊടിവെച്ചും കരവെച്ചും ഇതൊന്നുമില്ലാതെയും ഞാനുണ്ടാകും.
ജാതി മതങ്ങൾ എനിക്കില്ല .
ഞാൻ ഒരൊറ്റയാള്‍മതിയല്ലോ
എജ്ജാതി നാണവും മറയ്ക്കാൻ!
രാജാവും പ്രജയും
ആണും പെണ്ണും
എനിക്കൊരുപോലെ.
ഞാൻ കാണാത്ത എന്ത് രഹസ്യമാണ് ഇവർക്കുള്ളത് !
ഓരോരുത്തരുടെയും ശരീര രഹസ്യങ്ങളറിയുന്നവൻ
ഞാൻ മാത്രമാണ്!
ഞാനില്ലെങ്കിൽ മലയാളിയുടെ കുളിനടക്കില്ല.
രണ്ടെണ്ണം അടിച്ചാൽ തലയിൽ കിരീടമാകാനും
ഏമാനെകണ്ടാൽ കക്ഷത്തിൽ
പഞ്ചപുച്ഛമടക്കാനും ഞാൻ വേണം
ആണുങ്ങളുടെ ചുമലിലേറാനും
പെണ്ണുങ്ങളുടെ മാറുമറക്കാനും
എനിക്കേ സാധിക്കൂ.
യാത്രപുറപ്പെടുമ്പോൾ
ആദ്യം പെട്ടിയിൽ കടന്നുകൂടുന്നതും
ഞാൻ തന്നേ.
എല്ലാ രഹസ്യങ്ങളിലൂടെയും കടന്നു പോകുന്നവൻ ഞാൻ!
വിയർപ്പും കണ്ണീരും തുപ്പലും എന്തിനു ചോരപോലും തുടയ്ക്കാൻ എനിക്കേ കഴിയൂ,
അടുപ്പിലെ കരിയും
വയലിലെ വിയർപ്പും
വെളിച്ചപ്പാടിന്റെ അരഞ്ഞാണവും
ഞാൻ തന്നേ!
എന്നെക്കൂടാതെ ഒരു മലയാളിക്കും
ഒരു ദിവസം പോലും പൂർത്തിയാവില്ല
ജനനത്തിനും മരണത്തിനും ഞാനില്ലാതെ പറ്റില്ല.
ചിലപ്പോഴെല്ലാം അവസാനത്തെ പിടച്ചിലിൽ ഒരു പാലമായി തൂങ്ങാനും ….
എന്നാൽ എന്റെ അന്തസ്സ് കളഞ്ഞുകുളിക്കുന്ന
ചിലരുണ്ട്;
ഒളിസേവയ്ക്ക്
മോഷണത്തിന്
നാട്ടുകാരെ പറ്റിക്കാൻ
എന്നെ തലവഴി പുതപ്പിച്ച്
നടക്കുന്നവർ
അപ്പോൾ ,
അപ്പോൾ മാത്രമാണ്
മറ്റുള്ളവരുടെ നാണം മറയ്ക്കാൻ സഹായിച്ച ഞാൻ
നാണം കെട്ടുപോകുന്നത്
———————————-
NB :നർമ്മബോധമില്ലാത്തവരും കോപ്പിയടിക്കാരുമായവരുടെ തെറി കാപ്സ്യൂൾ നിലവാരം അനുസരിച്ചായിരിക്കും അവരെ സാംസ്കാരിക വകുപ്പിൽ നിയമിക്കുക