KeralaNews

ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതതെന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട; ജോയ് മാത്യു

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് വാഹനങ്ങള്‍ കടത്തിവിട്ട സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതതെന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത് എന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട. അതുകൊണ്ട് കൊച്ചിയിലെ ജനങ്ങള്‍ പാലമങ്ങ് ഉദ്ഘാടിച്ചു. എന്നാല്‍ പാലം വാഹനങ്ങള്‍ക്കും മനുഷ്യര്‍ക്കും കടന്നുപോകാനുള്ളതല്ല എന്നും അത് ഉദ്ഘാടനം ചെയ്തു കളിക്കാന്‍ മാത്രമുള്ളതാണെന്നും ധരിച്ചു വെച്ച പൊലീസുകാര്‍ കൊച്ചിയിലെ മിടുക്കന്മാരെയും മിടുക്കികളെയും പിടിച്ചു അകത്താക്കി മഹാരാജനോട് കൂറ് പുലര്‍ത്തി, ജോയ് മാത്യു ഫേസ്ബുക്കിലെഴുതി.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കളി കൊച്ചിക്കാരോട് വേണ്ട

കൊറോണാവൈറസ് ഇന്‍ഡ്യാക്കാര്‍ക്ക് തന്ന വലിയൊരു സമ്മാനമായിരുന്നു ഉദ്ഘാടന മഹാമഹങ്ങള്‍ ഇല്ലാതാക്കിയത് .പാലം ,കലുങ്ക് ,ബസ്സ്‌റ്റോപ്പ് ,പൊതു കക്കൂസ് തുടങ്ങി നാട്ടുകാരുടെ പണം കൊണ്ട് നിര്‍മ്മിക്കുകയും അവകള്‍ ഉദ്ഘാടിക്കാന്‍ മന്ത്രി പരിവാരങ്ങള്‍ എഴുന്നെള്ളുകയും ചെയ്യുക എന്നത് അതോടെ നിന്നു .അത് സൃഷ്ടിക്കുന്ന ഗതാഗതകുരുക്കുകള്‍ ,ദുര്‍വ്യയങ്ങള്‍ ,അനുബന്ധ തട്ടിപ്പ് -വെട്ടിപ്പുകള്‍.ഇതിനൊക്കെപ്പുറമെ സ്വാഗതപ്രാസംഗികന്റെ ഒരു മണിക്കൂറില്‍ കുറയാത്ത തള്ള് ,പുകഴ്ത്തലുകളുടെ വായ്നാറ്റവും പുറംചൊറിയല്‍ മാഹാത്മ്യങ്ങളും .ദുര്‍വ്യയങ്ങളുടെ ഘോഷയാത്രകള്‍ ,ശബ്ദമലിനീകരണം ..

കൊറോണ ഒരു ഭാഗ്യദേവതയായവതരിച്ചത് ഇമ്മാതിരി ഫ്യുഡല്‍ ആചാരവെടികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ തന്നെയാണ് .ഇത്തരം കോമാളിക്കളികള്‍ നിര്‍ത്തലാക്കിയത്കൊണ്ടാവാം ,കഴിഞ്ഞ ഒരു വര്ഷം എന്ത് സമാധാനമായിരുന്നു !
എന്നാല്‍ മാമാങ്കങ്ങളൊന്നും നടന്നില്ലെങ്കിലും അതിന്റെ ക്രഡിറ്റ് അടിച്ചുമാറ്റാന്‍ അതിനേക്കാള്‍ ചിലവില്‍ രക്ഷകന്റെ ചിരിക്കുന്ന മുഖവുമുള്ള പത്ര പരസ്യങ്ങള്‍ക്ക് യാതൊരു നാണവുമുണ്ടായിരുന്നില്ല .

സാരമില്ല പരസ്യങ്ങള്‍ വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരനുണ്ടല്ലോ .
വിദേശരാജ്യങ്ങളിലൊന്നും ഇമ്മാതിരി വൈകൃതങ്ങള്‍ കണ്ടതായി അറിവില്ല .ഈ ഡിജിറ്റല്‍ കാലത്തും ഒരു വര്ഷം ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് മാത്രമായി എത്ര തുക ചിലവാക്കുന്നു എന്ന് ഒരു കണക്കെടുപ്പ് നടത്താവുന്നതാണ്.
പറഞ്ഞുവന്നത് കൊച്ചിക്കാരെ കൊച്ചാക്കുവാന്‍ നോക്കിയ ഒരു പരിപാടിയെപ്പറ്റിയാണ് .കാലങ്ങളായി എറണാംകുളത്തുകാര്‍ ശപിച്ചുകൊണ്ട് കടന്നുപോകുന്ന കുരുക്കാണ് വൈറ്റില ജങ്ക്ഷന്‍ .ട്രാഫിക് പരിഷ്‌കാരങ്ങള്‍ പലതും നടത്തിനോക്കിയിട്ടും വിജയിക്കാതെ വന്നപ്പോള്‍ ഒടുവില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ തീരുമാനമായി .

പാലം പണി എത്രയും വേഗത്തില്‍ തീരണേയെന്ന് അതിലൂടെ കടന്നുപോകുന്നവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു;ഫലം പാലം പൂര്‍ത്തിയായി .പക്ഷെ
ഇന്ന് തുറക്കും നാളെ തുറക്കും എന്നെല്ലാം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി .ഉദ്ഘാടകന്റെ സമയം ഒത്തുവന്നില്ലത്രേ .
ടാര്‍ വീപ്പകളും ബാരിക്കേഡുകളും ഒരു സ്ഥാനമാറ്റത്തിനായി
ഉദ്ഘാടകനുവേണ്ടി കാത്തിരുന്നു മടുത്തു .
ക്ഷമക്കും ഒരതിരില്ലേ ?

ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത് എന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട.

അത്കൊണ്ട് കൊച്ചിയിലെ ജനങ്ങള്‍ പാലമങ്ങു ഉദ്ഘാടിച്ചു ,എന്നാല്‍ പാലം വാഹനങ്ങള്‍ക്കും മനുഷ്യര്‍ക്കും കടന്നുപോകാനുള്ളതല്ല എന്നും അത് ഉദ്ഘാടനം ചെയ്തു കളിക്കാന്‍ മാത്രമുള്ളതാണെന്നും ധരിച്ചു വെച്ച പോലീസുകാര്‍ കൊച്ചിയിലെ മിടുക്കന്മാരെയും മിടുക്കികളെയും പിടിച്ചു അകത്താക്കി മഹാരാജാനോട് കൂറ് പുലര്‍ത്തി.

ഏതായാലും ക്ഷമയുടെ നെല്ലിപ്പലകകണ്ട കൊച്ചിയിലെ പുതിയ കുട്ടികളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങള്‍ .
കൊച്ചി പഴയ കൊച്ചി തന്നെ പക്ഷെ കൊച്ചിയിലെ കുട്ടികള്‍ പുതിയ കുട്ടികളാണ് ;മറക്കണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker