‘സെറ്റിലേക്ക് വരാൻ പോലും പറ്റില്ല, രണ്ട് ദിവസം മുറിയിൽ; വിശാലിൻ്റെ അനാരോഗ്യത്തിന് കാരണം ആ സിനിമയ്ക്ക് വേണ്ടി ചെയ്തത്’
ചെന്നൈ: നടൻ വിശാലിന്റെ പുതിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. തന്റെ സിനിമയുടെ ഇവന്റിൽ വെച്ചുള്ള വിശാലിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ആരാധകർ ആശങ്കയിലാണ്. വിറച്ച് കൊണ്ട് സംസാരിക്കുന്ന നടനെയാണ് വേദിയിൽ ആരാധകർ കണ്ടത്. മദഗദരാജ എന്ന സിനിമയുടെ പ്രൊമോഷൻ ഇവന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അടുത്ത കാലം വരെയും ആരോഗ്യവാനായാണ് 47 കാരനായ വിശാലിനെ പൊതുവേദികളിൽ കണ്ടിരുന്നത്.
ഇപ്പോഴിതാ വിശാലിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. വിശാലിന്റെ ആരോഗ്യം ഇല്ലാതാക്കിയത് വിശാൽ തന്നെയാണെന്ന് അന്തനൻ പറയുന്നു. ഒരു തമിഴ് മീഡിയയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വിശാലിന് ഇങ്ങനെയൊരു പ്രശ്നമുണ്ടാകാൻ കാരണം വിശാൽ തന്നെയാണ്. സ്വയമെടുത്ത ടെൻഷൻ. ബാലയുടെ സിനിമയിൽ അഭിനയിച്ചതും ഇതിന് കാരണമാണ്.
ആ സിനിമയിൽ കണ്ണ് മറ്റൊരു രീതിയിലാക്കി അഭിനയിച്ചു. ഡോക്ടറെ വെച്ച് സെറ്റ് ചെയ്തതാണ്. ഇത് ഒരു ഘട്ടത്തിൽ വിശാലിന് കടുത്ത തലവേദനയുണ്ടാക്കി. അന്ന് മറ്റ് സിനിമകളിൽ ഡയലോഗ് പഠിക്കാനോ പറയാനോ പറ്റാതായി. പത്ത് വർഷത്തിനിപ്പുറം വേറൊരു തരത്തിൽ ഈ പ്രശ്നം വന്നു. മാർക്ക് ആന്റണി സിനിമയുടെ സെറ്റിൽ വരാൻ പോലും കഴിഞ്ഞില്ല. രണ്ട് ദിവസം ഷൂട്ടിംഗ് സ്പോട്ടിൽ വന്നില്ല. വന്നയുടനെ ഹോട്ടലിൽ പോയി കതകടച്ച് ഉറങ്ങി.
തലവേദനയായിരുന്നു കാരണം. ഇതോടൊപ്പം സമ്മർദ്ദിലാക്കുന്ന പല സംഭവങ്ങളും നടന്നു. ഇതെല്ലാം ശരീരത്തെ ബാധിച്ചെന്ന് അന്തനൻ പറയുന്നു. 2011 ൽ പുറത്തിറങ്ങിയ അവൻ ഇവൻ എന്ന ബാലയുടെ ചിത്രത്തിലാണ് വിശാൽ നായകനായത്. ആര്യയായിരുന്നു ചിത്രത്തിലെ മറ്റൊരു നായകൻ.
സുഹൃദ്ബന്ധങ്ങൾ വിശാലിനെ ബാധിച്ചിട്ടുണ്ടെന്ന് അന്തനൻ പറയുന്നു. റിലീസ് ചെയ്യാനിരിക്കുന്ന മദഗദരാജ എന്ന സിനിമയുടെ പ്രൊമോഷൻ ഇവന്റിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. 2013 ൽ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു ഇത്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളാൽ നടന്നില്ല. വിശാൽ കടുത്ത ദേഷ്യക്കാരനാണെന്നു അന്തനൻ വാദിക്കുന്നുണ്ട്. ഒരു സംഭവവും അന്തനൻ പങ്കുവെച്ചു. ഒരു സിനിമയുടെ സെറ്റിൽ വിശാലിന് ഒരു ഡോറുള്ള കാരവാൻ വേണമായിരുന്നു.
എന്നാൽ പ്രൊഡക്ഷൻ കൺട്രോളർ നൽകിയത് രണ്ട് ഡോറുള്ള കാരവാനാണ്. ഇതിന്റെ പേരിൽ അയാളെ കടുത്ത ഭാഷയിൽ ചീത്ത പറഞ്ഞു. 65 വയസുള്ളയാളാണ് പ്രൊഡക്ഷൻ മാനേജർ.ഷൂട്ടിംഗ് സെറ്റിലുള്ളവരെല്ലാം കണ്ടു. ഇവർക്ക് ഈ പെരുമാറ്റം ഇഷ്ടമായില്ല. ആ മനുഷ്യൻ വിശാലിന്റെ കാലിൽ വീഴേണ്ടി വന്നെന്നും അന്തനൻ പറഞ്ഞു.
നിർമാതാവ് ജികെ റെഡ്ഡിയുടെ മകനാണ് വിശാൽ. ചേട്ടൻ വിക്രം കൃഷ്ണ നടനും നിർമാതാവുമാണ്. വിക്രം കൃഷ്ണയുടെ ഭാര്യ നടി ശ്രിയ റെഡ്ഡിയാണ്. തമിഴ് സിനിമാ ലോകത്തെ പ്രബല സാന്നിധ്യമാണ് വിശാലിന്റെ കുടുംബം. തമിഴ് സിനിമാ സംഘടന നടികർ സംഘത്തെ പ്രശ്ന കലുഷിതമായ പല സാഹചര്യങ്ങളിലും മുന്നോട്ട് നയിച്ചത് ജനറൽ സെക്രട്ടറിയായ വിശാലാണ്.