കോഴിക്കോട്: റമീസ് മുഹമ്മദ് കണ്ടെത്തിയ വാരിയന്‍ കുന്നന്റെ ചിത്രം വ്യാജമാണെന്ന വാദവുമായി മാധ്യമപ്രവര്‍ത്തകന്‍ മുബാറക്ക് റാവുത്തര്‍ രംഗത്ത് വന്നിരുന്നു. ലണ്ടന്‍ ആസ്ഥാനമായ ഡെയ്ലി ന്യൂസ് 1921 സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയിലുള്ള ആളാണ് യഥാര്‍ത്ഥ വാരിയന്‍ കുന്നന്‍ എന്ന് അവകാശവാദമുന്നയിച്ച റാവുത്തറിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വിമര്‍ശന കമന്റുകള്‍. റെമീസിന്റെ ‘സുല്‍ത്താന്‍ വാരിയംകുന്നനിലെ’ കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തെ തള്ളിപ്പറഞ്ഞ റാവുത്തറിന് നേരെ വിമര്‍ശനം ശക്തമായതോടെ, വിശദീകരണം നല്‍കി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തി.
‘വാരിയന്‍ കുന്നന്റെ ചിത്രം ആണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വെച്ച് വാരിയന്‍ കുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് 100 ശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയന്‍ കുന്നത്ത് ഹാജറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തിനേക്കാള്‍ സാമ്യത ഇതിനാണ്,’ എന്നായിരുന്നു മുബാറക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് പോസ്റ്റിനു താഴെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇതോടെയാണ് ഈ പോസ്റ്റിനു താഴെ കമന്റായി മുബാറക്ക് റാവുത്തര്‍ വിശദീകരണം നല്‍കിയത്.
മുബാറക്ക് റാവുത്തറിന്റെ വിശദീകരണം ഇങ്ങനെ:
‘നിരവധി ആളുകള്‍ ചോദിക്കുന്നത് കൊണ്ട് ഒരു വിശദീകരണം നല്‍കുന്നു. ഈ ചിത്രം ലണ്ടന്‍ ആര്‍ക്കൈവ്‌സില്‍ നിന്നും കണ്ടെത്തിയതും പുതിയവ കണ്ടെത്തി കൊണ്ടിരിക്കന്നതും ഒരു ടീം ആണ്. ഈ ചിത്രം മാത്രമല്ല ഇനീം ചിത്രങ്ങള്‍ പുറത്ത് വരാനുണ്ട്. ഇതിനേക്കാള്‍ സാമ്യത നമുക്ക് തോന്നുന്നവ. ഞാന്‍ ചോദ്യം ഉന്നയിക്കുന്നത് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണെന്ന് സ്ഥാപിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങളെ മാത്രമാണ്. റമീസിന്റെ മാനദണ്ഡം വെച്ച് ഇനിയും ഏത് ചിത്രവും ആര്‍ക്കും കൊണ്ട് വന്ന് അതൊക്കെ വാരിയന്‍ കുന്നന്റേതാണെന്ന് പറയാന്‍ സാധിക്കും. അതുകൊണ്ട് തന്നെ അയാള്‍ പറഞ്ഞ മാനദണ്ഡം വെച്ച് ഇതിനാണ് വാരിയന്‍ കുന്നനാകാന്‍ സാധ്യത
- വെറുമൊരു സാധാരണക്കാരന്റെ പടം എന്തിന് ബ്രിട്ടീഷ് പത്രത്തില്‍ കൊടുക്കണം?
- മാപ്പിള പോരാളികളില്‍ ഒരാളാണ് എന്ന് കൃത്യമായി പറഞ്ഞിരിക്കുന്നു…. (റമീസിന്റെ ചിത്രത്തോടൊപ്പം അത്ര പോലും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക)
- വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇംഗ്ലീഷ് നന്നായി അറിയുന്ന ആളും. നിരവധി ഇംഗ്ലീഷുകാരും അല്ലാത്തവരുമായി അദ്ദേഹം സംഭാഷണം നടത്തിയിരുന്നതുമായി ചരിത്രത്തില്‍ ഉണ്ട്.
- മുഖത്തിന്റെ സാമ്യത. ഈ മുഖമാണ് റമീസ് പറഞ്ഞ ന്യായീകരണം വെച്ച് ഹാജറയുടെ മുഖവുമായി ചേരുക
- മീശ ഇല്ലാത്ത വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സംബന്ധിച്ച് ചില ചരിത്ര പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്
- ഒട്ടിയ കവിളും ഉന്തിയ പല്ലും ഈ ചിത്രത്തില്‍ ആണ് ഉള്ളത്
- കാര്‍ഷിക സമര നേതൃത്വം വാരിയന്‍ കുന്നത്തിനായത് കൊണ്ട് തന്നെ കര്‍ഷക തൊപ്പി അണിയാനുള്ള എല്ലാ സാധ്യതയും ഉണ്ട്…
വിശദമായി പഠിച്ചാല്‍ മറ്റെ ചിത്രം സ്ഥാപിക്കാന്‍ കൊണ്ട് വന്ന മാനദണ്ഡം വെച്ച് ഇതല്ല വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. പിന്നെ സുഡാപ്പികള്‍ എന്റെ കമന്റ് ബോക്‌സില്‍ തെറിവിളിക്കുന്നത് സാരമില്ല. സംഘടന ഫീഡിംഗിനപ്പുറം ഒരക്ഷരം പറയാന്‍ കഴിവില്ലാത്ത പാവങ്ങളാണവര്‍. എന്നോട് ചോദ്യം ചോദിക്കാനുള്ള ആവേശമൊന്നും റമീസിനോട് അവര് കാണിക്കാത്തതും ആ സംഘടനാ അടിമത്തം കൊണ്ട് മാത്രമാണ്.