തിരുവനന്തപുരം: ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്തയച്ചത്. ജോസ് കെ മാണിക്ക് സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന ധാരണയിലാണ് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി ലീഡറുടെ കസേരയില്‍ നിന്ന് പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത സാഹചര്യം ചര്‍ച്ച ചെയ്യാനായി ജോസഫ് വിഭാഗം ഇന്ന് യോഗം ചേരുന്നുണ്ട്. പാര്‍ട്ടി പിടിക്കാന്‍ നിയമനടപടികളിലേക്ക് നീങ്ങണോയെന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി നിശ്ചയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News