26.1 C
Kottayam
Monday, April 29, 2024

സൂപ്പർതാരത്തിന് പരുക്ക്, തോൽവിക്ക് പിന്നാലെ രാജസ്ഥാന് അടുത്ത തിരിച്ചടി

Must read

ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ പൊരുതി തോറ്റതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് അടുത്ത തിരിച്ചടി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം നഷ്ടമാവും. പഞ്ചാബ് താരം ഷാരൂഖ് ഖാന്‍റെ ക്യാച്ചെടുക്കുന്നതിനിടെയാണ് ബട്‌ലറുടെ ചെറുവിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ബട്‌ലര്‍ക്ക് കൈയില്‍ തുന്നലിടേണ്ടിവന്നിരുന്നു.

രാജസ്ഥാനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ എത്താതിരുന്ന ബട്‌ലര്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ബട്‌ലറുടെ അഭാവത്തില്‍ ആര്‍ അശ്വിനാണ് രാജസ്ഥാനുവേണ്ടി ബാറ്റിംഗിനിറങ്ങിയത്. യശസ്വി ജയ്‌സ്വാള്‍ പുറത്തായശേഷം ക്രീസിലെത്തിയ ബട്‌ലര്‍ 11 പന്തില്‍ 19 റണ്‍സടിച്ച് നല്ലതുടക്കമിട്ടെങ്കിലും നേഥന്‍ എല്ലിസിന്‍റെ പന്തില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായി. പന്ത് ബട്‌ലറുടെ ബാറ്റിലും പാഡിലും തട്ടി ഉയര്‍ന്നപ്പോള്‍ എല്ലിസ് തന്നെ ക്യാച്ചെടുത്ത് പുറത്താക്കി.

ഒരു സിക്സും ഒരു ഫോറും അടക്കമാണ് ബട്‌ലര്‍ 19 റണ്‍സടിച്ചത്. ബട്‌ലര്‍ പുറത്തായത് രാജസഥാന്‍റെ തുടക്കത്തെ ബാധിക്കുകയും ചെയ്തു. യശസ്വി ജയ്‌സ്വാളും ആര്‍ അശ്വിനും പുറത്തായതിന് പിന്നാലെയാണ് ബട്‌ലറും പവര്‍ പ്ലേയില്‍ വീണത്. ഇതോടെ വലിയ വിജയലക്ഷ്യം മറികടക്കേണ്ട വലിയ ഉത്തരവാദിത്തം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ ചുമലിലായി.

25 പന്തില്‍ 42 റണ്‍സെടുത്ത് സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് ദേവ്ദത്ത് പടിക്കല്‍ താളം കണ്ടെത്താന്‍ പാടുപെട്ടതോടെ റണ്‍റേറ്റിന്‍റെ സമ്മര്‍ദ്ദത്തില്‍ എല്ലിസിനെതിരെ വമ്പന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് സഞ്ജു ലോംഗ് ഓഫില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തു തുടങ്ങിയ രാജസ്ഥാന് ഡല്‍ഹിക്കെതിരായി അടുത്ത മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. ഡല്‍ഹിയാകട്ടെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് രാജസ്ഥാനെതിരെ ഇറങ്ങുന്നത്. ശനിയാഴ്ചയാണ് രാജസ്ഥാന്‍-ഡല്‍ഹി പോരാട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week