മാണി അഴിമതിക്കാരനെന്ന നിലപാട് വഞ്ചനാപരം,മുന്നണി വിടണമെന്ന് ജോസ് കെ മാണിയോട് യു.ഡി.എഫ്
തിരുവനന്തപുരം മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം.മാണി അഴിമതിക്കാരനായിരുന്നെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തില്‍ ചൊടിച്ച് കേരള കോണ്‍ഗ്രസ് (എം). അഭിഭാഷകനോട് വിശദീകരണം തേടണമെന്ന് പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്നും ജോസ് കെ.മാണി എല്‍ഡിഎഫ് വിടണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായ എംഎല്‍എമാരെ ന്യായീകരിക്കാനാണ്, അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെയാണ് അവര്‍ പ്രതിഷേധിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. ഈ പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശനും പി.ജെ.ജോസഫും ജോസ് കെ.മാണിയെ പരിഹസിച്ചു.
ഇതോടെ തുടക്കത്തില്‍ മൗനം പാലിച്ച കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതികരിക്കേണ്ടിവന്നു. സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നിരുത്തരവാദപരമാണെന്ന് സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് കുറ്റപ്പെടുത്തി. പരാമര്‍ശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അഭിഭാഷകനോട് വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ജോസ് കെ.മാണി നേരിട്ട് പ്രതികരിച്ചില്ലെങ്കിലും പരാമര്‍ശം തിരുത്താന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ഉണ്ടാകുമെന്നാണ് സൂചന.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിയ്ക്കുമ്പോഴായിരുന്നു മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. മാണി അഴിമതിക്കാരനായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദമുയര്‍ത്തി. കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ആണ് വാദമുയര്‍ത്തിയത്. അഴിമതിക്കാരനെതിരെയാണ് എംഎല്‍എ മാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്നും സര്‍ക്കാര്‍ വാദമുയര്‍ത്തി.
എന്നാല്‍ സഭയില്‍ എംഎല്‍എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ജൂലൈ 15 ലേക്ക് മാറ്റി.
ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടികള്‍. ആ അവതരണമാണ് എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയത്. ഇതിലൂടെ എന്ത് സന്ദേശമാണ് എംഎല്‍എമാര്‍ പൊതുസമൂഹത്തിന് നല്‍കിയതെന്നും കോടതി ചോദ്യമുയര്‍ത്തി. കെഎം മാണി അഴിമതിക്കാരനായിരുന്നതുകൊണ്ടാണ് അദേഹത്തിന്റെ ബജറ്റവതരണം എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.